റിയാദ്: ആയിരം അണക്കെട്ടുകൾ കൂടി നിർമ്മിക്കാൻ പദ്ധതിയിട്ട് സൗദി അറേബ്യ. എല്ലാ പ്രവിശ്യകളിലുമായി ആയിരം അണക്കെട്ടുകൾ നിർമ്മിക്കുന്നതിനെ കുറിച്ച് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പഠനങ്ങൾ നടത്തുകയാണ്. വകുപ്പ് മന്ത്രി എഞ്ചിനീയർ അബ്ദുറഹ്മാൻ അൽഫദ്‌ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കയ്റോ ജലവാരത്തോട് അനുബന്ധിച്ച് ലോക ജല വികസന റിപ്പോർട്ടിന്റെ അറബി പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
564 അണക്കെട്ടുകളാണ് ഇപ്പോൾ സൗദി അറേബ്യയിലുള്ളത്. ഇവയുടെ ആകെ സംഭരണശേഷി 260 കോടിയിലേറെ ക്യുബിക് മീറ്ററാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളിലുള്ള ചില അണക്കെട്ടുകളോട് ചേർന്ന് ജലശുദ്ധീകരണശാലകളും സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം ആകെ 7,40,000 ഘനമീറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റുകളാണ് അണക്കെട്ടുകളോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ളത്. ഇവയിൽ ചിലതിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.
മറ്റ് ചിലതിന്റെ നിർമ്മാണം പൂർത്തിയാകുകയും ചെയ്തു. അണക്കെട്ടുകളോട് ചേർന്നുള്ള ജലശുദ്ധീകരണശാലകൾ ഏതാനും പ്രവിശ്യകളിലെ കുടിവെള്ള ആവശ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട്. ജലസ്രോതസ്സുകളുടെ സുസ്ഥിരത ലക്ഷ്യമിട്ട് സൗദി അറേബ്യ തന്ത്രങ്ങളും പദ്ധതികളും രൂപീകരിച്ചിട്ടുണ്ടെന്ന് അബ്ദുറഹ്മാൻ അൽഫദ്‌ലി അറിയിച്ചു.
Post Your Comments