ന്യൂഡല്‍ഹി : കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ ശക്തമായ ഇടപെടലിലൂടെ മലയാളി വിദ്യാര്‍ത്ഥി ജീവിതത്തിലേയ്ക്ക് തിരികെ വന്നു. ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ ജുനൈദാണ് കേന്ദ്രമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ജീവിതത്തിലേയ്ക്ക് തിരികെ എത്തിയത്.
Read Also : ഭീകരവാദം വളര്‍ത്തുന്നവരോട് യാതൊരു ചര്‍ച്ചകള്‍ക്കും തയ്യാറല്ല : അമിത് ഷാ
തലച്ചോറിനെ ഗുരുതരമായി ബാധിച്ച ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ കാണിച്ച് അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ കൂടെയുള്ള സുഹൃത്തുക്കള്‍ അടുത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം അഞ്ച് മണി വരെ മാത്രമായിരുന്നു ആ ക്ലിനിക്കിന്റെ പ്രവര്‍ത്തന സമയം. ജുനൈദിന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ക്ലിനിക്കില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
ജുനൈദിനെ ഉടനെത്തന്നെ ഐസിയുവിലേയ്ക്ക് മാറ്റാനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് സിടി-എംആര്‍ഐ സ്‌കാനുകള്‍, വിവിധ തരത്തില്‍ രക്ത പരിശോധന തുടങ്ങി നിരവധി പരിശോധനകള്‍ ഉടനടി ചെയ്യണമെന്ന് സുഹൃത്തുക്കളോട് നിര്‍ദ്ദേശിച്ചു. ഇതിന്റെ ഭാഗമായി 60,000 രൂപ മുന്‍കൂറായി അടയ്ക്കാന്‍ നിര്‍ദ്ദേശിച്ച് ആശുപത്രി അധികൃതര്‍ ബില്‍ നല്‍കി. ഈ 60,000 രൂപ അടച്ചെങ്കില്‍ മാത്രമേ ടെസ്റ്റുകള്‍ നടത്താനാകൂ എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കൂടിയായ ജുനൈദിന്റെ പിതാവ് ഷാജിയെ വിവരം അറിയിച്ചു. എന്നാല്‍ സുഹൃത്തുക്കളില്‍ നിന്നും കേട്ട വിവരങ്ങള്‍ ആ പിതാവിനെ തളര്‍ത്തി. മകനുണ്ടായ അസുഖത്തിന്റെ ആഘാതത്തില്‍ അദ്ദേഹം പെട്ടെന്ന് വീഴുകയായിരുന്നു. വീഴ്ചയില്‍ ജുനൈദിന്റെ പിതാവിന് കൈകള്‍ക്കും നെറ്റിക്കും സാരമായ മുറിവ് പറ്റി. പരിക്ക് സാരമാക്കാതെ അദ്ദേഹവും കുടുംബവും ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി. ജുനൈദിന്റെ തുടര്‍ചികിത്സകള്‍ക്കും ടെസ്റ്റുകള്‍ക്കുമായി 60,000 രൂപ മുന്‍കൂര്‍ അടയ്ക്കാതെ തുടര്‍ ചികിത്സ സാദ്ധ്യമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മരണത്തോട് മല്ലിട്ട് അബോധാവസ്ഥയില്‍ കഴിയുന്ന ജുനൈദിന്റെ വീട്ടുകാര്‍ കേണു പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ഇത്രയും തുക കെട്ടിവെയ്ക്കാനുള്ള സാഹചര്യവും തുടര്‍ചികിത്സയ്ക്കായി വരുന്ന ഭീമമായ തുക കണ്ടെത്താനുള്ള സാമ്പത്തികാവസ്ഥ ഷാജിക്കും കുടുംബത്തിനുമുണ്ടായിരുന്നില്ല. മകന്റെ ജീവന്‍ തട്ടിക്കളിയ്ക്കുന്ന ഈ അവസ്ഥയില്‍ അദ്ദേഹത്തിന് എന്ത് ചെയ്യണമെന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.
ഈ അവസരത്തിലാണ് ഷാജിയും കുടുംബവും ഒരു അത്താണി എന്ന നിലയില്‍ കേന്ദ്രസഹമന്ത്രി വി.മുരളീധരനെ ബന്ധപ്പെടുന്നത്. മകന്റെ അവസ്ഥ അദ്ദേഹം മന്ത്രിയെ ബോധ്യപ്പെടുത്തി. മകന്റെ ജീവന് വേണ്ടി ഫോണ്‍ വിളികള്‍ നടത്തുമ്പോഴും ജുനൈദിന്റെ രക്തത്തിലെ കൗണ്ട് വളരെ താഴ്ന്ന് അപകടകരമായ അവസ്ഥയിലായിരുന്നു. എന്ത് ചെയ്യണമെന്ന് വിഷമിച്ചു നില്‍ക്കുമ്പോഴായിരുന്നു കേന്ദ്രമന്ത്രി വി.മുരളീധരന്റെ പി.എ തിരിച്ച് വിളിച്ചത്. കുട്ടിയെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്ത് എയിംസില്‍ എത്തിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചതായി അദ്ദേഹം പറഞ്ഞു. ആ ഒരു കോള്‍ ദൈവദൂതന്റേതായിരുന്നുവെന്ന് ജുനൈദിന്റെ പിതാവ് പറയുന്നു.
തുടര്‍ന്ന് തങ്ങള്‍ക്കൊന്നും അറിയേണ്ടി വന്നില്ല. എല്ലാ വളരെ പെട്ടെന്നായിരുന്നു. മകനെ എയിംസിലെത്തിച്ചതേ ഞങ്ങള്‍ക്ക് ഓര്‍മയുള്ളൂ. പിന്നീട് ടെസ്റ്റുകളും തുടര്‍ചികിത്സകളും അതിവേഗത്തിലായിരുന്നു. ജുനൈദിന്റെ രക്തത്തിലെ കൗണ്ട് വീണ്ടും താഴുന്നത് കണ്ട് ആശുപത്രിയിലെ ഡോക്ടര്‍മാരും ആശങ്കയിലായി. ഇടയ്ക്കിടെ ജുനൈദിന്റെ വിവരങ്ങള്‍ അന്വേഷിച്ചുള്ള മന്ത്രിയുടെ വിളി ഞങ്ങള്‍ക്ക് ആശ്വാസമായിരുന്നു.
തുടര്‍ന്ന് മകന്‍ മരുന്നുകളോട് പതുക്കെ പ്രതികരിച്ച് തുടങ്ങി. പതുക്കെ പതുക്കെ അവന്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. എയിംസിലെ കുറച്ചു നാളത്തെ ആശുപത്രിവാസത്തിനു ശേഷം തിരിച്ച് ഞങ്ങള്‍ വീട്ടിലെത്തി. ഇതിനെല്ലാം കാരണം അദ്ദേഹമാണ്. ഞങ്ങളുടെ കുടുംബം മന്ത്രി വി.മുരളീധരനോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. മനുഷ്യത്വപരമായ അദ്ദേഹത്തിന്റെ സമീപനം ഒന്നുകൊണ്ടു മാത്രമാണ് ഞങ്ങളുടെ ജുനൈദിന് ജീവന്‍ തിരിച്ചുകിട്ടിയത് . ജുനൈദിന്റെ കുടുംബം ഒരേ സ്വരത്തില്‍ പറഞ്ഞു.
Post Your Comments