കൊച്ചി : കൊച്ചി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കൂടെയുണ്ടായിരുന്ന വ്യക്തി. ആര്‍ ജെ സൂരജാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
വിമാനത്തില്‍ ഒഴിഞ്ഞ് കിടന്ന സീറ്റുകളില്‍ തനിക്ക് ഇരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. എന്നാൽ, ഈ വിമാനം ചെറിയ വിമാനം ആണെന്നും വെയിറ്റ് ബാലന്‍സിംഗ് ആവശ്യമായതിനാൽ യാത്രക്കാര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം സീറ്റുകള്‍ മാറാന്‍ സാധിക്കില്ലെന്ന് എയര്‍ഹോസ്റ്റസ് പറഞ്ഞു. ഇതോടെ സുധാകരന്റെ കൂടെയുണ്ടായിരുന്ന ‘വെള്ള ഷര്‍ട്ടുകാരന്‍’ എയര്‍ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് സൂരജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സൂരജിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
നേരിൽ കണ്ട കാര്യം സത്യസന്ധമായി പറയാൻ മടിക്കേണ്ടതില്ലല്ലോ.. ഒക്ടോബർ 24 ന് വൈകിട്ട് കൊച്ചി – കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ 20 A സീറ്റ് യാത്രക്കാരനായിരുന്നു ഞാൻ..
വിമാനത്തിലേക്ക് ഏറ്റവും അവസാനമായി MP ശ്രീ സുധാകരൻ കടന്നു വന്നു.. അദ്ദേഹത്തിനൊപ്പം കറുപ്പു ഷർട്ടും വെള്ള ഷർട്ടുമിട്ട രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു.. വിമാനത്തിൽ 19 FD & 18 FD സീറ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു.. ബാക്കിൽ നിന്ന് വരുമ്പോൾ തന്നെ ഒഴിഞ്ഞു കിടന്ന സീറ്റുകളിൽ തനിക്ക് ഇരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.. അദ്ദേഹം MP ആണെന്ന് മനസിലാകാത്ത മലയാളിയല്ലാത്ത എയർ ഹോസ്റ്റസ് പറഞ്ഞു ഈ വിമാനം ചെറിയ വിമാനമായതിനാലും വെയിറ്റ് ബാലൻസിംഗ് ആവശ്യമായതിനാലും യാത്രക്കാർക്ക് സ്വന്തം താൽപര്യപ്രകാരം സീറ്റുകൾ മാറാൻ സാധിക്കില്ല..
Read Also : മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി സ്റ്റാലിന് കത്തെഴുതി
അദ്ദേഹം അൽപം രോഷത്തോടെ ചോദിച്ചു നിങ്ങൾ എപ്പോഴും ഇതൊക്കെ നോക്കിയാണോ പോകാറുള്ളത്.. ഞാൻ ഈ വിമാനത്തിൽ ഒരു സ്ഥിരം യാത്രക്കാരനാണ്..എയർഹോസ്റ്റസ് മറുപടി നൽകി, സ്ഥിരം യാത്രക്കാരനാണെങ്കിൽ നിങ്ങൾക്ക് കാര്യങ്ങൾ കൃത്യമായി അറിയുമല്ലോ സാർ.. തുടർന്ന് അദ്ദേഹം അസ്വസ്ഥതയോടെ ഒഴിഞ്ഞു കിടന്ന 18 D സീറ്റിൽ ഇരുന്നു.. ഏറ്റവും ബാക്കിലെ സീറ്റായിരുന്നു എന്റേത് അവിടെയായിരുന്നു ഈ സംഭവങ്ങൾ നടക്കുന്നത്.. ഇതിനിടയിൽ എന്റെ സീറ്റിനടുത്തിരുന്ന ഒരാൾ എയർ ഹോസ്റ്റസിനോടും, ഫ്ലൈറ്റ് ഡോറിനടുത്ത് ഒരു കൺഫ്യൂഷൻ കണ്ട് പുറത്തുനിന്ന് കയറി വന്ന മലയാളിയായ ഗ്രൗണ്ട് സ്റ്റാഫിനോടുമായി പറഞ്ഞു അദ്ദേഹം MP ആണെന്ന്..
അപ്പോൾ ആ ഉദ്യോഗസ്ഥൻ പറഞ്ഞു ഫ്ലൈറ്റിൽ MP ആയാലും സെയിം തന്നെ എന്ന്..
ഇതു കേട്ടുകൊണ്ട് കടന്നു വന്ന MP ക്കൊപ്പ വെള്ള ഷർട്ടുകാരൻ ഫുൾ ബഹളം തുടങ്ങി..
“നീ നിന്റെ പേരു പറയെടാ..” എന്നൊക്കെ പറഞ്ഞ് ഫുൾ ഒച്ചപ്പാട്.. എയർ ഹോസ്റ്റസ് ആകെ ടെൻഷനായപോലെ.. ഫ്ലൈറ്റിലെ മറ്റൊരു യാത്രക്കാരും ഇങ്ങനൊരു സംഭവമേ അറിയുന്നില്ലാത്ത പോലെ..! ആദ്യമായി ഇങ്ങനൊരു സീൻ കാണുന്ന ഞാൻ ഇതിനിടയിൽ 18 D യിൽ ഇരിക്കുന്ന MP യോട് സൗഹാർദ്ദപൂർവ്വം പറഞ്ഞു.. സാർ ഫ്ലൈറ്റിൽ ഇതുപോലെ ഒരു സീൻ ഉണ്ടാക്കിയാൽ അതിന്റെ നാണക്കേട് താങ്കൾക്ക് തന്നെയാണ്.. എല്ലാവരും ഒരുപോലെയുള്ള യാത്രക്കാരല്ലേ ഇവിടെ.. ബാക്കിൽ താങ്കളുടെ പേരിലാണ് ബഹളം നടക്കുന്നത് എന്ന്.. ഉടൻ കാര്യം മനസിലാക്കിയ MP എഴുന്നേറ്റ് ബാക്കിൽ ചെന്ന് ആ കയറു പൊട്ടിച്ചു നിന്ന ചേട്ടനോട് “മതി.. വിട്ടേക്ക് ” എന്ന് പറഞ്ഞു.. എന്നിട്ടും അയാൾ ചൂടാകുന്നുണ്ടായിരുന്നു..!! ഇടയിൽ ആ ചെറുപ്പക്കാരൻ എയർ ഹോസ്റ്റസിനോട് പറയുന്നത് കേട്ടു.. താൻ MP യോട് ക്ഷമ പറയണം എന്നാണ് വെള്ളഷർട്ടുകാരൻ ആവശ്യപ്പെടുന്നതെന്ന്..! ഗ്രൗണ്ട് സ്റ്റാഫായതിനാൽ ആ ചെറുപ്പക്കാരൻ ഉടൻ തന്നെ കൊച്ചിയിൽ ഇറങ്ങി..!
വെള്ള ഷർട്ടുകാരൻ എയർ ഹോസ്റ്റസിനോട് പറഞ്ഞു അവന്റെ ഡീറ്റെയിൽസ് പറഞ്ഞു തരാതെ കണ്ണൂരിലെത്തിയാൽ താൻ ഈ ഫ്ലൈറ്റിൽ നിന്ന് ഇറങ്ങില്ല എന്ന്..! (ഈ ഫ്ലൈറ്റ് പറക്കുമ്പോഴാണ് ഞാൻ ഈ ഭാഗം വരെ എഴുതുന്നത്.. അയാൾ കണ്ണൂരിൽ ഇറങ്ങുമോ ഇല്ലയോ എന്ന് ലാസ്റ്റ് കണ്ടിട്ട് പറയാം..) അത്ഭുതമെന്തെന്നാൽ എല്ലാ സീറ്റിലും നിറഞ്ഞിരിക്കുന്ന ഒരു മനുഷ്യൻ പോലും ഈ സംഭവമൊന്നും കേട്ടതോ കണ്ടതോ ആയ ഭാവം പോലും നടിക്കുന്നില്ല.. ഞാൻ നാട്ടിൽ അധികം ഇല്ലാത്തതു കൊണ്ടും വല്ലപ്പോഴും മാത്രം ഡൊമസ്റ്റിക് ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നതുകൊണ്ടും ഇവിടെ ഇതൊക്കെ സ്ഥിരം ഇങ്ങനെയാണോ എന്നെനിക്കറിയില്ല.. ഒരുപക്ഷേ അതാവാം ആരും ഒരക്ഷരം മിണ്ടാത്തത്..! ഒടുവിൽ ഞാൻ തന്നെ അയാളോട് പറഞ്ഞു.. “സഹോദരാ ഇത്രേം യാത്രക്കാരുടെ മുന്നിൽ ഇങ്ങനെ ഷോ കാണിച്ച് നിങ്ങൾ എന്തിനാണ് MP യുടെ വില കളയുന്നത്..? അയാൾ ചെയ്തതിൽ എന്താണ് തെറ്റ്..? അയാൾ അയാളുടെ ജോലിയല്ലേ ചെയ്തത്..?”
അതു കേട്ടപ്പൊ എന്നെ രൂക്ഷമായി നോക്കി അയാൾ മുന്നിലേക്ക് പോയി..കൂടെ MP യും മുന്നിലേക്ക് പോയി ഒരു സീറ്റിൽ ഇരുന്നു.. ഇതൊക്കെ കണ്ടപ്പൊ എനിക്ക് പറയാനുള്ളത് ഇത്രേയുള്ളൂ.. ജനങ്ങളെക്കാൾ എളിമയുള്ളവരായിരിക്കണം ജനപ്രതിനിധികൾ.. അത് കോൺഗ്രസ് കമ്യൂണിസ്റ്റ് ബി ജെ പി എന്നൊന്നുമില്ല.. ജനങ്ങൾക്കുള്ള പ്രിവിലേജിനപ്പുറം അവർക്ക് ലഭിക്കുന്നുണ്ടെങ്കിൽ പോലും അതേ ജനങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുന്നിടത്ത് തനിക്ക് മാത്രം പ്രിവിലേജ് വേണമെന്ന് വാശി പിടിക്കുന്നത് മോശം.. അടുത്തകാര്യം, അദ്ദേഹം ചെയ്തത് ശെരിയല്ലെന്ന് വ്യക്തമായി മനസിലായിട്ടും അദ്ദേഹം ആ വിഷയം ഒഴിവാക്കി സീറ്റിൽ ചെന്ന് ഇരുന്നിട്ടും തന്റെ ജോലി ചെയ്ത ഒരു ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്താൻ കൂടെയുള്ള വെള്ള ഷർട്ടുകാരനും കറുപ്പു ഷർട്ടുകാരനും കാണിച്ച പെരുമാറ്റം വറും തെമ്മാടിത്തരം..അവർ മനസിലാക്കേണ്ടതെന്തെന്നാൽ അവർ MP യുടെ കൂടെ നടക്കുനവരും പാർട്ടിക്കാരുമൊക്കെയായിരിക്കും പക്ഷേ നിങ്ങളും ഞങ്ങളെ പോലെ സാധാരണ പൊതുജനം മാത്രമാണ്.. MP ജനപക്ഷത്ത് നിന്ന് എളിമകാണിക്കേണ്ടതിലും പത്തിരട്ടി എളിമ അദ്ദേഹത്തിന്റെ കൂടെ ഉള്ളവർ കാണിക്കണം.. അല്ലെങ്കിൽ അത് നിങ്ങളെ കൊണ്ടു നടക്കുന്നവർക്ക് തന്നെ നാണക്കേടാകുന്ന കാര്യമാകും..!
ഒരു കാര്യം കൂടി.. അത് ആ ഫ്ലൈറ്റിലുള്ള മറ്റു പൊതു ജനങ്ങളോടാണ്.. ശെരിയല്ലാത്ത കാര്യം മുന്നിൽ കണ്ടാൽ നേരിൽ പ്രതികരിക്കാനുള്ള ധൈര്യം നിങ്ങൾക്കെവിടെ നിന്ന് നഷ്ടപ്പെട്ടു..?
ഫേസ്ബുക്കിൽ കമന്റ് ബോക്സിൽ ഘോരഘോരം എഴുതുന്നവരും വാഗ്വാദം നടത്തുന്നവരും ഈ വിമാനത്തിലുണ്ടാകാം.. ഒരാളു പോലും ഇങ്ങനൊരു സംഭവം മൈന്റ് ചെയ്തില്ല..! നാട്ടിൽ വന്ന മാറ്റത്തിലും സ്വഭാവത്തിലും അതിശയം തോന്നുന്നു..!ഒന്നുകൂടി പറയട്ടേ ഈ എഴുത്ത് രാഷ്ട്രീയപരമല്ല.. എനിക്കൊരു രാഷ്ട്രീയം ഉണ്ടെങ്കിലും ഞാൻ ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനുമല്ല.. എന്റെ കണ്മുന്നിൽ കണ്ടത് കുറിച്ചു അത്രേയുള്ളൂ.. ജനങ്ങൾക്കുള്ള അതേ അവകാശങ്ങളാണ് ജനപ്രതിനിധികൾക്കും അവരുടെ കൂടെ ഉള്ളവർക്കും വേണ്ടതെന്ന് മാത്രം.. ഏത് രാഷ്ട്രീയത്തിലുള്ളവരായാലും അവർ ചുരുങ്ങിയത് പൊതു ഇടങ്ങളിലെങ്കിലും പെരുമാറേണ്ട നല്ല രീതി ഓർമ്മിപ്പിച്ചെന്ന് മാത്രം..
NB: ഒടുവിൽ 13 DF സീറ്റിലെ മറ്റൊരു യാത്രക്കാരനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി MP യെ ഒറ്റക്കിരുത്തി എയർ ഹോസ്റ്റസ് പ്രശ്നം പരിഹരിച്ചു.. ഒടുവിൽ ഈ വിഷയത്തിൽ ഇടപെട്ടതുകൊണ്ടാവണം അവൾ എന്നോട് വന്ന് ചോദിച്ചു..“Sir are you ok sir..?” ഞാൻ പറഞ്ഞു “I don’t have any issue dear.. Its my first time I am facing such a situation in flight, Thats why interrupted..! “അതായത് ഞാൻ പറഞ്ഞു.. “ഡിയർ എനിക്കൊരു പ്രശ്നവുമില്ല.. ഞാൻ വിമാനത്തിൽ ആദ്യമായാണ് ഇങ്ങനൊരു സാഹചര്യം കണ്മുന്നിൽ കാണുന്നത്.. അതുകൊണ്ടാണ് ഇടപെട്ടത്..! ” അതു കേട്ടപ്പോൾ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞ ഡയലോഗ് എനിക്കിഷ്ടായി..! അതായത്.. ”ഞങ്ങൾക്ക് ഇത് ശീലമാണ് സർ..!”
വാലറ്റം : ഇത് കണ്ണൂരിൽ എത്തിയ ശേഷമുള്ള കഥ, ആ ഫ്ലൈറ്റ് ഇറങ്ങിയ ശേഷം കൈയിൽ ഗോൾഡൻ ചങ്ങലയിട്ട വെളുത്ത ഷർട്ടുകാരൻ പുറത്തിറങ്ങുമ്പോൾ എയർഹോസ്റ്റസിനോട് നേരത്തെ പറഞ്ഞ ഗൗണ്ട് സ്റ്റാഫിന്റെ ഡീറ്റെയിൽസ് ചോദിച്ചു.. അവർ അറിയില്ലെന്ന് പറഞ്ഞു.. പിന്നീട് എയർപ്പോർട്ടിൽ ഇറങ്ങുമ്പൊ കണ്ട കാഴ്ച MP എയർപ്പോർട്ട് ഉദ്യോഗസ്ഥരോടും ഇൻഡിഗോ ഉദ്യോഗസ്ഥനോടും സംസാരിക്കുന്നു.. ശേഷം ബോഡിംഗ് പാസ് കാണിച്ച് ഹെൽത്ത് ക്ലിയറൻസ് സ്ലിപ്പ് വാങ്ങേണ്ട ക്യൂവിൽ എല്ലാരും നിൽക്കുമ്പോൾ ക്യൂ ശ്രദ്ധിക്കാതെ അധികൃതർക്കൊപ്പം മൂന്നു പേരും പുറത്തേക്ക്.. അത് സാരമില്ല ആ പ്രിവിലേജ് നമ്മുടെ ജനപ്രതിനിധിക്ക് നമുക്ക് നൽകാം.. പക്ഷേ പിന്നീട് എയർപ്പോർട്ടിന് പുറത്ത് അദ്ദേഹത്തിന്റെ കാറിൽ ഇരുന്ന് ഇൻഡിഗോ ഉദ്യോഗസ്ഥന്റെ ഫോണിൽ ആരെയോ വിളിച്ച് ഈ പ്രശ്നങ്ങൾ വിവരിക്കുന്നു..
ഇത്രയും എഴുതിയെങ്കിലും ഇത് പോസ്റ്റ് ചെയ്യാൻ തോന്നിപ്പിക്കുന്നത് പിന്നീടുണ്ടായ സംഭവമാണ്.. MP ഫോണിൽ സംസാരിക്കവേ വെള്ള ഷർട്ടുകാരനോട് ഞാൻ പറഞ്ഞു നിങ്ങൾ ഈ കാണിക്കുന്ന ഷോ ബോറാണ്.. കാരണം ആ പയ്യൻ അവന്റെ ജോലിയാണ് ചെയ്തത്..”അവനെ സസ്പന്റ് ചെയ്യാൻ പോകുകയാണ് ഭായി” എന്ന് ആ വെള്ള ഷർട്ടുകാരൻ വളരെ സിമ്പിളായി പറഞ്ഞു.!! “അയാൾ ചെയ്ത തെറ്റെന്താണ്..?” ഞാൻ ചോദിച്ചു..”അവൻ പറഞ്ഞതെന്താണെന്ന് നിങ്ങൾ കേട്ടോ..?””ആ കേട്ടു.. ഞാനായിരുന്നു ലാസ്റ്റ് സീറ്റിൽ.. MP ആയാലും ഫ്ലൈറ്റിൽ സെയിം ആണെന്ന് പറഞ്ഞു..””അല്ല.. MP കോപ്പാണെന്ന് പറഞ്ഞു..” “ഞാൻ അങ്ങനൊന്ന് കേട്ടില്ല.. പക്ഷേ ഈ നിസ്സാരകാര്യത്തിന് നിങ്ങളീ കാണിക്കുന്ന പെരുമാറ്റം MP ക്ക് തന്നെ മോശമാണ്..”ഞാൻ പിന്നെയും സംസാരിച്ചപ്പോൾ.. “നിങ്ങളോട് ഇതൊന്നും സംസാരിക്കേണ്ട കാര്യം എനിക്കില്ല” എന്ന് അയാൾ പറഞ്ഞു..ഇത് ശ്രദ്ധിച്ച MP ഇടപെട്ട് അയാളോട് പറഞ്ഞു.. “വേണ്ടാത്ത സംസാരം ഒഴിവാക്ക്..” തുടർന്ന് വെള്ള ഷർട്ടുകാരൻ വണ്ടിയുടെ ബാക്ക് സീറ്റിൽ കയറിയിരുന്ന് എന്നെ രൂക്ഷമായിത്തന്നെ നോക്കി ഒന്ന് തലയാട്ടി കടന്നു പോയി..!
രാഷ്ട്രീയം ഓരോരുത്തർക്കും നല്ലത് തന്നെയാണ് പക്ഷേ ഏതു രാഷ്ട്രീയം ഉള്ളയാളായാലും അൽപം മയത്തിലാകാം ഇടപെടലുകൾ.. ഈ എഴുത്തിൽ എന്റെ രാഷ്ട്രീയം ചികയുന്നവർക്ക് വ്യത്യസ്ഥമായ രാഷ്ട്രീയം കണ്ടെത്താം പക്ഷേ ഒരു രാഷ്ട്രീയത്തിനും ഞാൻ എന്നെ പണയം വച്ചിട്ടില്ല അതിൽനിന്ന് ആദായവും പറ്റുന്നില്ല.. സൊ കണ്മുന്നിൽ കണ്ട ശെരിയല്ലാത്ത കാര്യം തുറന്നെഴുതിയെന്ന് മാത്രം.. അതാരു ചെയ്യുന്നത് നേരിൽ ബോധ്യപ്പെട്ടാലും പറയാൻ മടിയില്ലതാനും.. സ്വന്തം ജോലി ചെയ്തതിന്റെ പേരിൽ ആ ചെറുപ്പക്കാരന് ജോലി പോകാതിരിക്കട്ടേ.. പൊതു പ്രവർത്തകരും പ്രത്യേകിച്ച് അവരുടെ അനുയായികളും പൊതുജനങ്ങളോട് അൽപം കൂടി മയത്തോടെ പെരുമാറട്ടേ.. അത്രേള്ളൂ ഈ എഴുത്തിന്റെ ചുരുക്കം.
സസ്നേഹം..
Post Your Comments