റിയാദ്: സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാനൊരുങ്ങി സൗദി അറേബ്യ. മാർക്കറ്റിങ് ജോലികൾ, ഓഫീസ് സെക്രട്ടറി, വിവർത്തനം, സ്റ്റോർ കീപ്പർ, ഡറ്റാ എൻട്രി തുടങ്ങിയ ജോലികളാണ് സൗദിയിൽ ഇനി സ്വദേശിവത്ക്കരിക്കുന്നത്. സ്വദേശികൾക്ക് അനിയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും രാജ്യത്തെ എല്ലാ തൊഴിൽ മേഖലകളിലും സ്വദേശികളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് പുതിയ നീക്കം.
കഴിഞ്ഞ ദിവസമാണ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹ്മദ് ബിൻ സുലൈമാൻ അൽ രാജിഹി സ്വദേശിവത്കരണത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. മാർക്കറ്റിങ് ജോലികളിൽ അഞ്ചോ അതിൽ കൂടുതലോ ജീവനക്കാരുണ്ടെങ്കിൽ 30 ശതമാനം തസ്തികകൾ സ്വദേശികൾക്കായി മാറ്റിവെയ്ക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇത്തരത്തിൽ നിയമിക്കപ്പെടുന്ന സ്വദേശികൾക്ക് മിനിമം വേതനം 5500 റിയാലായിരിക്കുകയും വിവർത്തനം, സ്റ്റോർ കീപ്പർ, ഡേറ്റാ എൻട്രി ജോലികളിൽ സ്വദേശികൾക്ക് 5000 റിയാൽ മിനിമം വേതനം നൽകുകയും വേണമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
അടുത്ത വർഷം മേയ് എട്ട് മുതലായിരിക്കും ഈ സ്വദേശിവത്കരണ തീരുമാനം നടപ്പിലാക്കുന്നത്. മാർക്കറ്റിങ് മേഖലയിൽ 12,000 ത്തിൽ അധികം സ്വദേശികൾക്കും ഓഫീസ് സെക്രട്ടറി, സ്റ്റോർ കീപ്പർ, ഡേറ്റാ എൻട്രി, വിവർത്തനം എന്നീ മേഖലകളിൽ ഇരുപതിനായിരത്തിലധികം സ്വദേശികൾക്കും തൊഴിൽ ലഭ്യമാക്കാൻ വേണ്ടിയാണ് സൗദി തീരുമാനങ്ങൾ ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments