ലക്‌സംബർഗ്: സ്വന്തം ഉപയോഗത്തിന് വീട്ടിൽ കഞ്ചാവു ചെടികൾ വളർത്താൻ അനുമതി നൽകാനൊരുങ്ങി ലക്‌സംബർഗ്. നിയമപ്രകാരം കഞ്ചാവ് വീട്ടിൽ വളർത്താനും ഉപയോഗിക്കാനും അനുമതിയുള്ള രാജ്യമാകാനുള്ള ഒരുക്കത്തിലാണ് ലക്‌സംബർഗ. ലക്സംബർഗിലെ പ്രായപൂർത്തിയായവർക്ക് അവരുടെ വീടുകളിലോ തോട്ടങ്ങളിലോ നാല് കഞ്ചാവ് ചെടികൾ വരെ വളർത്താൻ അനുമതി നൽകാനാണ് അധികൃതർ പദ്ധതിയിടുന്നത്.
പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് സ്വന്തം ആവശ്യത്തിനായി നാല് കഞ്ചാവ് ചെടികൾ വരെ വീട്ടിൽ വളർത്താം. ഇതിനായി നിയന്ത്രണങ്ങളൊന്നുമില്ലാതെ തന്നെ കടകളിലോ ഓൺലൈനിലോ വിത്തുകൾ വാങ്ങാൻ കഴിയുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്കായി ആഭ്യന്തരമായി വിത്ത് ഉത്പാദിപ്പിക്കാൻ അനുവദിക്കാനുള്ള ഉദ്ദേശ്യവുമുണ്ട്. എന്നാൽ, ദേശീയ ഉൽപാദന ശൃംഖലയ്ക്കും സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള വിതരണത്തിനുമുള്ള പദ്ധതികൾ കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് വൈകിയിരുന്നു. വീട്ടിൽ കഞ്ചാവ് വളർത്താൻ അനുവദിക്കുന്നത് ഇതിന്റെയെല്ലാം ആദ്യത്തെ പടിയാണ് എന്നാണ് നീതിന്യായ മന്ത്രി സാം ടാൻസൺ അറിയിച്ചത്.
ഇൻഡോറായോ ഔട്ട്‌ഡോറായോ വീട്ടിൽ കഞ്ചാവ് വളർത്താം. ബാൽക്കണിയിലോ ടെറസിലോ ഗാർഡനിലോ വളർത്താം. എന്നാൽ, പൊതുസ്ഥലത്ത് വിത്തല്ലാതെ വേറെന്തെങ്കിലും കടത്തുന്നതോ ഉപയോഗിക്കുന്നതോ നിയമവിരുദ്ധമായി തുടരും. എന്നാൽ, മൂന്ന് ഗ്രാം വരെ കൊണ്ടുപോകുന്നതോ ഉപയോഗിക്കുന്നതോ ക്രിമിനൽ കുറ്റമാവില്ലെങ്കിലും പിഴ ഈടാക്കും. അനധികൃതമായ കച്ചവടം അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments