ദുബായ്: എക്‌സ്‌പോ 2020 നോട് അനുബന്ധിച്ച് ജീവനക്കാർക്ക് രണ്ടു ദിവസം ശമ്പളത്തോട് കൂടിയ അവധി നൽകാനൊരുങ്ങി ദുബായിയിലെ പ്രമുഖ കമ്പനി. ദുബായ് എക്സ്പോ സന്ദർശിക്കുന്നതിനായാണ് ബെയ്റ്റ്.കോം പ്രത്യേക അവധി അനുവദിച്ചത്. ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഒരു പ്രമുഖ തൊഴിൽ സ്ഥാപനമാണ് ബെയ്റ്റ്.കോം.
എക്സ്പോ അവസാനിക്കുന്ന മാർച്ച് 31 ന് മുൻപ് എപ്പോൾ വേണമെങ്കിലും അവധി എടുക്കാമെന്നാണ് കമ്പനി സ്ഥാപകനും സിഇഒയുമായ റബീഅ അതായ അറിയിച്ചിരിക്കുന്നത്. ഇതിനോടകം താൻ രണ്ടു തവണ എക്‌സ്‌പോ വേദി സന്ദർശിച്ചതായും എല്ലാവർക്കും എക്‌സ്‌പോ സന്ദർശിച്ച് പ്രയോജനം നേടാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നേരത്തെ ഫുഡ് പാക്കേജിങ് ഉൽപ്പന്ന നിർമ്മാതാക്കളായ ഹോട്പാക്ക് ഗ്ലോബലും എക്‌സ്‌പോ വേദി സന്ദർശിക്കുന്നതിനായി ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ചിരുന്നു. ജീവനക്കാർക്ക് ശമ്പളത്തോട് കൂടി മൂന്ന് ദിവസത്തെ പ്രത്യേക അവധിയാണ് ഹോട്പാക്ക് ഗ്ലോബൽ അനുവദിച്ചത്.
യുഎഇയിലെ ഹോട്പാക്ക് ഗ്ലോബലിന്റെ 2,000 ജീവനക്കാർക്ക് എക്‌സ്‌പോ 2020 സന്ദർശിക്കാനും വ്യത്യസ്തമായ സംസ്‌കാരങ്ങൾ മനസ്സിലാക്കാനുമുള്ള അവസരമാണ് ജീവനക്കാർക്ക് ലഭ്യമാകുന്നത്. യുഎഇയ്ക്ക് പുറത്ത് മറ്റ് ജിസിസി രാജ്യങ്ങളിലും യൂറോപ്പിലും ജോലി ചെയ്യുന്ന തങ്ങളുടെ ജീവനക്കാർക്ക് എക്‌സ്‌പോ സന്ദർശിക്കാനുള്ള പ്രത്യേക പദ്ധതിയും കമ്പനിയുടെ പരിഗണനയിലാണ്.
Post Your Comments