
മുംബൈ: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരവും ആര്യൻ ഖാന്റെ അടുത്ത സുഹൃത്തുമായ അനന്യ പാണ്ഡയെ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ബോളിവുഡ് സൂപ്പർ താരം ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. അനന്യയുമായി ആര്യൻ ലഹരി ചാറ്റ് നടത്തിയെന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. ഈ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ ഷൂട്ടിംഗിന് സമ്മതം നല്‍കരുതെന്ന് അനന്യ തന്റെ ടീമിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അനന്യയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ലാപ്ടോപ്പും മൊബൈൽ ഫോണുമടക്കം എൻ സി ബി പിടിച്ചെടുത്തത്. ഫോണും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് എന്‍സിബിയുടെ തീരുമാനം. ആര്യന് പിന്നാലെ അനന്യയും അഴിക്കുള്ളിലാകുമോയെന്നാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്. ആര്യൻ ഖാന്റെയും സുഹാന ഖാന്റെയും ആത്മ മിത്രമാണ് അനന്യ. ഷാരുഖ് തന്റെ രണ്ടാം അച്ഛനാണ് എന്ന് അനന്യ മുൻപ് പറഞ്ഞിട്ടുണ്ട്. ‘ഷാരൂഖ് ഖാന്‍ എന്റെ രണ്ടാമത്തെ അച്ഛനാണെന്ന് പറയാം. എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അച്ഛനാണ് അദ്ദേഹം’, അനന്യ മുൻപൊരിക്കൽ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്.
ആര്യന്റെ അറസ്റ്റോടെ ബോളിവുഡ് സിനിമാലോകം ഒന്നടങ്കം വിറങ്ങലിച്ചിരിയ്ക്കുകയാണ്. ഒപ്പം അനന്യയെ കൂടി ചോദ്യം ചെയ്തതോടെ ഇനി ആര് എന്ന ചോദ്യമാണ് ഉയരുന്നത്. ലഹരിക്കേസ് കൂടുതൽ പ്രമുഖരിലേക്ക് നീങ്ങുമോയെന്ന ആകാംഷയിലാണ് ബോളിവുഡ്.
Post Your Comments