ThiruvananthapuramLatest NewsKerala

ഓൺലൈൻക്ലാസിൽ നിന്ന് സഹപാഠികളുടെ ചിത്രമെടുത്ത് അശ്‌ളീല സൈറ്റിൽ പ്രചരിപ്പിച്ചു: മൈനർ വിദ്യാർത്ഥി പിടിയിൽ

ഉപഭോക്താവിന്റെ യാതൊരു തിരിച്ചറിയല്‍ വിവരങ്ങളും ലഭ്യമല്ലാത്ത വെബ്‌സൈറ്റില്‍നിന്നും കുറ്റകൃത്യം ചെയ്ത ആളെ കണ്ടെത്തുന്നതു പ്രയാസമായിരുന്നു.

തിരുവനന്തപുരം : ഓണ്‍ലൈന്‍ വഴി വിദ്യാര്‍ത്ഥിനികളെയും അദ്ധ്യാപകരെയും അപകീര്‍ത്തിപ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി സൈബര്‍ പൊലീസിന്റെ പിടിയില്‍. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ അശ്ലീല ചാറ്റ് നടത്താന്‍ സാധിക്കുന്ന കനേഡിയന്‍ ഡേറ്റിങ് സൈറ്റാണു വിദ്യാര്‍ത്ഥി ഉപയോഗിച്ചത്. കഴിഞ്ഞ രണ്ടു മാസമായി തിരുവനന്തപുരം ജില്ലയിലെ ഒരു വിദ്യാലയത്തിലെ നിരവധി രക്ഷിതാക്കളില്‍നിന്നും സ്‌കൂള്‍ അധികൃതരില്‍നിന്നും ലഭിച്ച പരാതികളില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റകൃത്യം ചെയ്ത വിദ്യാര്‍ത്ഥിയെ സൈബര്‍ പൊലീസ് കണ്ടത്തിയത്.

അപരിചിതരായ ചാറ്റിങ് പങ്കാളികള്‍ക്കു തന്റെ സഹപാഠികളായ വിദ്യാര്‍ത്ഥിനികളുടെയും അദ്ധ്യാപികമാരുടെയും ചിത്രങ്ങള്‍ അശ്ലീല കമന്റുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്തു ഫോണ്‍ നമ്പര്‍ സഹിതം പോസ്റ്റു ചെയ്യുകയായിരുന്നു. ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ എടുത്ത ചിത്രങ്ങളാണു പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥി ഇതിനായി ഉപയോഗിച്ചത്.  ഉപഭോക്താവിന്റെ യാതൊരു തിരിച്ചറിയല്‍ വിവരങ്ങളും ലഭ്യമല്ലാത്ത വെബ്‌സൈറ്റില്‍നിന്നും കുറ്റകൃത്യം ചെയ്ത ആളെ കണ്ടെത്തുന്നതു പ്രയാസമായിരുന്നു.

നിരവധി നെറ്റ് വര്‍ക്കുകളും ഫോണുകളും ഐപി വിലാസങ്ങളും വിപിഎന്‍ സര്‍വീസുകളും നിരന്തരം നിരീക്ഷിച്ചു നടത്തിയ അന്വേഷണത്തിലൊടുവിലാണു കുറ്റകൃത്യത്തിലേര്‍പ്പെട്ട ആളെയും കുറ്റകൃത്യത്തിനുപയോഗിച്ച മൊബൈല്‍ ഫോണും കണ്ടെത്തിയത്. കുറ്റകൃത്യത്തിനുപയോഗിച്ച ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി സഹവിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ അടക്കം ചാറ്റ് നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചു.

തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി പി.കെ.മധുവിന്റെ മേല്‍നോട്ടത്തില്‍ അഡിഷണല്‍ എസ്‌പി ഇ.എസ്.ബിജുമോന്‍, തിരുവനന്തപുരം റൂറല്‍ ഡിസിആര്‍ബി ഡിവൈഎസ്‌പി വിജുകുമാര്‍.എന്‍ എന്നിവരുടെ നേതൃത്വത്തില്‍ റൂറല്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രതീഷ്.ജി.എസ്, എസ്‌ഐ സതീഷ് ശേഖര്‍, എസ്‌സിപിഒ സുധീര്‍, സിപിഒമാരായ അദീന്‍ അശോക്, ശ്യാം, സൗമ്യ എന്നിവരടങ്ങുന്ന സംഘമാണു പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button