Latest NewsNewsFootballSports

ഇന്ത്യ സാഫ് കപ്പ് ജേതാക്കൾ: ഗോൾ വേട്ടയിൽ ഛേത്രി മെസ്സിക്കൊപ്പം

മാലി: സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. നായകൻ സുനിൽ ഛേത്രിയും സുരേഷ് സിംഗും മലയാള താരം സഹൽ അബ്ദുൾ സമദും ഇന്ത്യയ്ക്ക് വേണ്ടി ഗോളടിച്ചു. ഇന്ത്യയുടെ എട്ടാം സാഫ് കപ്പ് കിരീടമാണിത്. കഴിഞ്ഞതവണ നഷ്ടപ്പെട്ട കിരീടം ഇത്തവണ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യ തിരിച്ചുപിടിച്ചു.

2019ൽ പരിശീലകനായി സ്ഥാനമേറ്റ ഇഗോർ സ്റ്റിമാച്ചിന് കീഴിൽ ഇന്ത്യ നേടുന്ന ആദ്യ കിരീടം കൂടിയാണിത്. 49-ാം മിനിറ്റിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി ഇന്ത്യക്ക് വേണ്ടി ആദ്യ ഗോൾ നേടി. ബോക്സിന്റെ വലത് വിങ്ങിൽ നിന്ന് പ്രീതം കോട്ടാൽ നൽകിയ ക്രോസിൽ കൃത്യമായി തലവെച്ച് ഛേത്രി പന്ത് വലയിലെത്തിച്ചു.

ഛേത്രിയുടെ ഗോളിന് പിന്നാലെ ഇന്ത്യ വീണ്ടും ലീഡ് ഉയർത്തി. 50-ാം മിനിറ്റിൽ സുരേഷ് സിങ്ങാണ് ഇന്ത്യയ്ക്കുവേണ്ടി ലക്ഷ്യം കണ്ടത്. പിന്നാലെ പകരക്കാരനായി വന്ന മലയാളി താരം അബ്ദുൾ സമദ് സഹൽ ഇന്ത്യയ്ക്കുവേണ്ടി മൂന്നാം ഗോൾ നേടി. 90-ാം മിനിറ്റിൽ ബോക്സിന് അകത്തേക്ക് കുതിച്ചെത്തിയ സഹൽ നേപ്പാൾ പ്രതിരോധ താരങ്ങളെ അതിമനോഹരമായി കബളിപ്പിച്ച് അനായാസം പന്ത് വലയിലെത്തിച്ചു.

Read Also:- മുളപ്പിച്ച പയറിന്റെ ആരോഗ്യ ഗുണങ്ങൾ!

അതേസമയം, അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ സുനിൽ ഛേത്രി അർജന്റീനയൻ സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പമെത്തി. 125 മത്സരങ്ങളിൽ നിന്നാണ് ഛേത്രി 80 ഗോളുകൾ നേടിയത്. മെസ്സി 156 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടത്തിൽ എത്തിയത്. സാഫ് കപ്പ് ഫൈനലിൽ നേടിയ ഗോൾ ഉൾപ്പെടെ ടൂർണ്ണമെന്റിൽ അഞ്ചു ഗോളുകളാണ് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button