തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് മുക്തമായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നിപ വൈറസിന്റെ ഡബിള്‍ ഇന്‍ക്യുബേഷന്‍ പിരീഡ് പൂര്‍ത്തിയായതോടെയാണ് ജില്ല നിപ വൈറസ് മുക്തമായത്. വൈറസിന്റെ ഡബിള്‍ ഇന്‍ക്യുബേഷന്‍ പിരീഡായ 42 ദിവസം പൂര്‍ത്തിയാകുമ്പോഴും പുതിയ കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ പൂര്‍ണമായും നിപ പ്രതിരോധത്തില്‍ വിജയം കൈവരിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ്ജ് കോഴിക്കോട് എത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ ചില വവ്വാലുകളില്‍ നിപ വൈറസിനെതിരായ ഐജിജി ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തും. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഇതോടൊപ്പം ഭോപ്പാല്‍ ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധന ഫലങ്ങളും നെഗറ്റീവായിരുന്നു. ചാത്തമംഗലത്ത് നിപ വൈറസ് ബാധിച്ച് പന്ത്രണ്ടു വയസുകാരന്‍ മരിച്ചതോടെ സംസ്ഥാനം നിപ ഭീതിയിലായിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്ക് അയച്ച എല്ലാ ഫലങ്ങളും നെഗറ്റീവായിരുന്നു.
Post Your Comments