തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുകയാണെങ്കിലും സംസ്ഥാനത്ത് രാത്രിയും മഴ തുടരുമെന്ന് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമായി തുടരാനാണ് സാധ്യത. അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 12 പേരെ കാണാതായതായാണ് വിവരം.
ഇടുക്കി കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ട് പേരെ കാണാതായെന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. കൂട്ടിക്കലില്‍ ഉരുള്‍പൊട്ടിയ സ്ഥലത്ത് നിന്ന് ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും ഇനിയും നാല് പേരെ കൂടി കണ്ടെത്താനുണ്ട്. കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ ഒറ്റലാങ്കലിലെ മാര്‍ട്ടിന്റെ ഭാര്യയും മക്കളും അടക്കം ഒരു കുടുംബത്തിലെ ആറ് പേരാണ് മരിച്ചത്. കോട്ടയം-ഇടുക്കി അതിര്‍ത്തി പ്രദേശമാണിത്. കുത്തൊഴുക്കില്‍ വീടുകള്‍ താഴെയുള്ള പുല്ലനയാറിലേക്ക് ഒലിച്ചു പോവുകയായിരുന്നു. തിരുവനന്തപുരത്ത് കണ്ണമ്മൂല തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
പത്തനംതിട്ടയില്‍ മണിമലയിലും വെള്ളാവൂരിലും 70 ഓളം വീടുകളില്‍ വെള്ളം കയറി. മണിമല പൊലീസ് സ്റ്റേഷനിലും വെള്ളംകയറി. പത്തനംതിട്ട ജില്ലയില്‍ അടൂര്‍, മല്ലപ്പള്ളി, കോന്നി താലൂക്കുകളില്‍ ഏഴ് ക്യാമ്പുകള്‍ തുറന്നു. കോട്ടയത്തും ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പെയ്തത്. വടക്കന്‍ ജില്ലകളിലും മഴ തുടരുകയാണ്.
Post Your Comments