റിയാദ്: സൗദി അറേബ്യയിൽ മെഡിക്കൽ വിദ്യാർത്ഥിനികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. സഞ്ചരിച്ചു കൊണ്ടിരിക്കവെ നിയന്ത്രണം വിട്ട ബസ് തെരുവ് വിളക്കിലേക്കും റോഡ് സൈഡിലെ ബാരിക്കേഡിലേക്കും ഇടിച്ചു കയറി. ബുധനാഴ്ച വൈകീട്ട് റിയാദ് പ്രവിശ്യയിലെ റൗദ സുദൈറിന് സമീപം ജലാജിൽ എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.
റിയാദിൽ നിന്ന് 200 കിലോ മീറ്റർ അകലെയുള്ള മജ്മഅ യൂനിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർഥിനികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. യൂണിവേഴ്സിറ്റി ബസിൽ ക്യാമ്പസിൽ നിന്ന് റൗദ സുദൈറിലെ താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഏതാനും വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ജലാജിലിനു സമീപം വളവിൽ വെച്ച് നിയന്ത്രണം വിട്ട ബസ് റോഡ് മധ്യത്തിലെ തെരുവുവിളക്കു കാലിൽ ഇടിച്ച് എതിർദിശയിലേക്ക് നീങ്ങി റോഡ് സൈഡിലെ കോൺക്രീറ്റ് ബാരിക്കേഡിൽ ഇടിച്ചുനിൽക്കുകയായിരുന്നു. ബാരിക്കേഡിൽ ഇടിച്ചുനിന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്. ബാരിക്കേഡിൽ ഇടിച്ചു നിന്നില്ലായിരുന്നുവെങ്കിൽ ബസ് താഴ്വരയിലേക്ക് മറിയുകയും വലിയ ദുരന്തം ഉണ്ടാകുകയും ചെയ്യുമായിരുന്നു.
Post Your Comments