Devotional

ഇന്ന് മഹാനവമി : പുസ്തകം-ആയുധ പൂജ

നവരാത്രി ഉത്സവത്തോടനുബന്ധിച്ച് വിജയ ദശമിയുടെ തലേദിവസമാണ് മഹാ നവമി. ഈ വര്‍ഷം ഒക്ടോബര്‍ 14 വ്യാഴാഴ്ചയാണ് മഹാ നവമി ആചരിക്കുന്നത്. രാജ്യമെമ്പാടുമുള്ള ദുര്‍ഗാ ദേവീ ഭക്തര്‍ ആഘോഷിക്കുന്ന ദിനമാണ് മഹാനവമി. മഹാനവമി ദിവസം പണിയായുധങ്ങളും പുസ്തകങ്ങളും എല്ലാം പൂജയ്ക്ക് വെക്കും.

നവരാത്രി പൂജയിലെ അവസാനത്തെ മൂന്ന് ദിവസങ്ങളാണ് പ്രധാനം. അഷ്ടമി, ദശമി, നവമി.
ഇതില്‍ അഷ്ടമി തിഥിയില്‍ വൈകുന്നേരം 6 മണിക്ക് മുമ്പ് പൂജ വയ്ക്കുന്നതാണ് കേരളീയ രീതി. വീട്ടില്‍ പൂജ വയ്ക്കുന്നവര്‍ പൂജാമുറി വൃത്തിയാക്കി ഒരു പീഠം വെച്ച് പട്ട് വിരിച്ചു സരസ്വതി ദേവിയുടെ ചിത്രം വയ്ക്കണം. ശേഷം പട്ടോ , വെള്ള തുണിയോ വിരിച്ച് അതിനു മുകളില്‍ പേന , പുരാണ ഗ്രന്ഥങ്ങള്‍, വിദ്യാര്‍ഥികളുടെ പുസ്തകങ്ങള്‍ എന്നിവ വച്ച് വെള്ള വസ്ത്രം കൊണ്ട് മൂടണം. യഥാശക്തി പൂക്കള്‍ ,മാലകള്‍ എന്നിവ കൊണ്ട് അലങ്കരിക്കുകയും ചെയ്യണം. അതിനു മുന്നില്‍ മൂന്ന് നിലവിളക്ക് കൊളുത്തി വയ്ക്കുക. ഇടതുവശത്തെ വിളക്കില്‍ ഗുരുവിനെയും വലത് വശത്തെ വിളക്കില്‍ ഗണപതിയെയും സങ്കല്‍പ്പിച്ച് പ്രാര്‍ഥിക്കണം. ഓം ഗും ഗുരുഭ്യോ നമ: എന്ന് ഗുരുവിനും ഓം ഗം ഗണപതയേ നമ: എന്ന് ഗണപതിക്കും ഓം സം സരസ്വതൈ്യ നമ: എന്ന് സരസ്വതി ദേവിക്കും മന്ത്രം ജപിക്കണം. ദേവി സംബദ്ധമായ യഥാശക്തി മന്ത്രങ്ങള്‍, സ്തുതികള്‍ എന്നിവയും ജപിക്കണം.

മഹാനവമി ദിവസം രാവിലെ ആറുമണിയോടെ പണിയായുധങ്ങളും ഉപകരണങ്ങളും പുസ്തകങ്ങള്‍ വച്ചിരിക്കുന്നിടത്തു തന്നെ പൂജക്ക് സമര്‍പ്പിക്കാം. ആയുധങ്ങള്‍ ചന്ദനം, കുങ്കുമം, അരിപ്പൊടി എന്നിവ കൊണ്ടലങ്കരിച്ച് വിദ്യാ പൂജക്കൊപ്പം വച്ച് ആരതിയുഴിയുകയാണ് വേണ്ടത് . പേന ആയുധ പൂജയില്‍ വയ്ക്കരുത്. തലേന്ന് പുസ്തകം പൂജവയ്ക്കുന്ന കൂട്ടത്തിലാണ് വയ്‌ക്കേണ്ടത്. മഹാനവമി ദിവസമാണ് വാഹന പൂജയും ചെയ്യേണ്ടത്. ആ ദിവസം വാഹനം ആലില, മാവില കൊണ്ടലങ്കരിച്ച് ചന്ദനം, കുങ്കുമം ചാര്‍ത്തി ജലഗന്ധം, പുഷ്പം, അക്ഷതം ഇവ കൊണ്ട് അര്‍ച്ചിക്കുക. വണ്ടിയില്‍ തിലകം ചാര്‍ത്തിയിട്ട് ഇവയെല്ലാം തൊടീക്കണം. അങ്ങനെ ചെയ്ത ശേഷം വണ്ടിയെടുക്കാം. ആയുധ പൂജ കഴിഞ്ഞ് പിറ്റെന്ന് വിജയദശമി ദിവസം പുസ്തകങ്ങള്‍ക്കൊപ്പം ആയുധങ്ങളും പൂജ എടുക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button