തിരുവനന്തപുരം: സംസ്ഥാനത്ത് വിശേഷ ദിവസങ്ങളില്‍ അന്തര്‍ സംസ്ഥാന സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി കെഎസ്‌ആര്‍ടിസി. മഹാനവമി- വിജയദശമി ദിവസങ്ങളില്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കെഎസ്‌ആര്‍ടിസി സംസ്ഥാനത്ത് അന്തര്‍ സംസ്ഥാന സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. സംസ്ഥാന സര്‍വീസിലെ ബസ്സുകള്‍ ഇതിനായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളിലേക്കും കേരളത്തില്‍ നിന്ന് കൊല്ലൂര്‍ – മൂകാംബികയിലേക്കും തിരിച്ചുമാണ് സര്‍വ്വീസുകള്‍ തുടങ്ങുന്നത്. ഇതിനായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാക്കും. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ മൂന്ന് വരെയാണ് സര്‍വ്വീസുകള്‍ നടത്തുന്നത്. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത യാത്ര പാസ്സ് കേരളത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഹാജരാക്കണം. യാത്രാ ദിവസം കേരള, കര്‍ണ്ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും യാത്രക്കാര്‍ ശ്രദ്ധിക്കണം. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്കും സാനിട്ടൈസറും കൈയ്യില്‍ കരുതേണ്ടതാണ്. യാത്ര തുടങ്ങുന്നതിന് മുന്‍പ് ആരോഗ്യ സേതു ആപ്പും മൊബൈലില്‍ സൂക്ഷിക്കണം.
Post Your Comments