കായംകുളം: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി മാല പൊട്ടിയ്‌ക്കുന്ന മൂവർ സംഘം പിടിയില്‍. തഴവ കടത്തൂര്‍ ഹരികൃഷ്ണ ഭവനത്തില്‍ ജയകൃഷ്ണന്‍, ഏന്തിയാര്‍ ചാനക്കുടിയില്‍ ആതിര, പത്തിയൂര്‍ കിഴക്ക് വെളുത്തറയില്‍ അന്‍വര്‍ഷാ എന്നിവരാണ് പിടിലായത്. മേനാമ്പള്ളിയിൽ നിന്നും അറുപതുകാരിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല മോഷ്ടിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. പെരിങ്ങാല മേനാമ്പള്ളിയിൽ സ്വദേശിനി ലളിതയാണ് കവര്‍ച്ചക്കിരയായത്.
ഓഗസ്റ്റ് 26 ന് ഉച്ചക്ക് നടന്ന സംഭവത്തിൽ വഴി ചോദിക്കാനെന്ന വ്യാജേന ലളിതയുടെ സമീപം ബൈക്ക് നിര്‍ത്തിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു. അന്‍വര്‍ഷായുടെ ബൈക്കിന് പിന്നിലിരുന്ന ആതിരയാണ് ലളിതയുടെ മാല പൊട്ടിച്ചത്. തുടര്‍ന്ന് കൃഷണപുരം മുക്കടക്ക് സമീപം വാഹനം ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെടുകയായിരുന്നു. മോഷ്ടിച്ച മാല ഓച്ചിറയിലെ സ്വര്‍ണ്ണാഭരണശാലയില്‍ വിറ്റതിന് ശേഷം പ്രതികൾ മൂന്നാര്‍, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവില്‍താമസിക്കുകയായിരുന്നു.
മോഷണം നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യത്തില്‍ നിന്നാണ് പ്രതികളെപ്പറ്റിയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാഹനം തിരുവല്ലയില്‍ നിന്നും പ്രതികള്‍ മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ആഡംബര ജീവിതത്തിനാണ് പ്രതികൾ മോഷണം നടത്തിയിരുന്നത്. പണം തീരുന്ന മുറക്ക് മോഷണം എന്നതാണ് പ്രതികളുടെ രീതി.
Post Your Comments