ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ പാക് തീവ്രവാദി 13 വര്‍ഷമായി ഇന്ത്യയില്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് താമസിക്കുകയായിരുന്നുവെന്ന് പോലീസ്. രാജ്യത്തു പ്രവര്‍ത്തിക്കുന്ന പാക്ക് ഭീകരരുടെ തലവനായിരുന്നു മുഹമ്മദ് അഷ്‌റഫെന്നും ഇയാളെ പിടികൂടിയതുവഴി പൂജാ ആഘോഷകാലത്ത് നടത്താന്‍ പദ്ധതിയിട്ടിരുന്ന വലിയ ഭീകരാക്രമണ പദ്ധതി തകര്‍ത്തെന്നും പോലീസ് വ്യക്തമാക്കി. പാക്കിസ്ഥാനിലെ നരോവാലില്‍നിന്നുള്ള മുഹമ്മദ് അഷ്‌റഫ് (അലി40) ആണ് ഡല്‍ഹിയില്‍ അറസ്റ്റിലായത്.
അഷ്‌റഫിനു പാക്ക് ചാരസംഘടന ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്നു പൊലീസ് സ്‌പെഷല്‍ സെല്‍ ഡിസിപി പ്രമോദ് കുമാര്‍ ഖുഷ്‌വാഹ പറഞ്ഞു.മതപണ്ഡിതനെന്ന വ്യാജേന ലക്ഷ്മി നഗറില്‍ കഴിഞ്ഞിരുന്ന അലിയെ തിങ്കളാഴ്ച രാത്രിയാണു പിടികൂടിയത്. എകെ 47 തോക്ക്, 60 വെടിയുതിര്‍ക്കാന്‍ സാധിക്കുന്ന 2 മാഗസിനുകള്‍, 2 ചൈനീസ് നിര്‍മ്മിത തോക്കുകള്‍, ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, ഗ്രനേഡ് എന്നിവയും കണ്ടെത്തി.
2004 ല്‍ ഐഎസ്‌ഐയില്‍ ചേര്‍ന്ന അഷ്‌റഫിനു 6 മാസത്തെ പരിശീലനം ലഭിച്ചു. ജമ്മു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടന്ന പല സ്‌ഫോടനങ്ങളിലും ഇയാള്‍ക്കു പങ്കുണ്ടെന്നാണു വിശദീകരണം. ബംഗാളിലെ സിലിഗുഡി അതിര്‍ത്തിയിലൂടെ ഇന്ത്യയിലെത്തിയ അഷ്‌റഫ് അജ്‌മേറിലാണ് ആദ്യ 2 വര്‍ഷം കഴിഞ്ഞത്. 2006 ല്‍ ഡല്‍ഹിയിലെത്തി.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 6 കേന്ദ്രങ്ങളിലായാണു താമസിച്ചത്. ഇന്ത്യയിലെത്തിയ ശേഷം വിവാഹിതനായി.വ്യാജരേഖകള്‍ ഉപയോഗിച്ച് ഇയാള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ ഉണ്ടാക്കിയിരുന്നു. ഇതുപയോഗിച്ച് ഇയാള്‍ തായ്‌ലന്‍ഡ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നെന്നും പോലീസ് പറഞ്ഞു.
Post Your Comments