ന്യൂഡല്‍ഹി : ഇന്ത്യ – ചൈന കമാന്‍ഡര്‍ തല ചര്‍ച്ച വീണ്ടും പരാജയം. ചുഷുല്‍ – മോല്‍ഡോ അതിര്‍ത്തിയില്‍ വച്ച് നടന്ന പതിമൂന്നാം കമാന്‍ഡര്‍ തല ചര്‍ച്ചയാണ് പരാജയപ്പെട്ടത്. കിഴക്കന്‍ ലഡാക്കില്‍ നിന്നുള്ള പിന്മാറ്റത്തിന് ചൈന തയ്യാറായില്ല. അതേസമയം, ലഡാക്ക് അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ സംഘര്‍ഷ മേഖലകളില്‍ നിന്നും സൈന്യം പിന്‍വാങ്ങണമെന്ന നിലപാടിലായിരുന്നു ഇന്ത്യ ഉറച്ച് നിന്നത്. എന്നാല്‍ ഇതിന് ചൈന വഴങ്ങാത്തതാണ് ചര്‍ച്ച പരാജയപ്പെട്ടതായി ഇന്ത്യ അറിയിച്ചത്. പ്രശ്ന പരിഹാരത്തിനുള്ള ഒരു നിര്‍ദ്ദേശവും ചൈന മുന്നോട്ടു വച്ചില്ലെന്ന് കരസേന വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ നല്ല ബന്ധത്തിന് തര്‍ക്ക പരിഹാരം അനിവാര്യമെന്ന് ഇന്ത്യ അറിയിച്ചു. ചര്‍ച്ചകള്‍ തുടരാനാണ് ഇരുപക്ഷത്തിന്റെയും തീരുമാനം. ഇപ്പോള്‍ നിയന്ത്രണരേഖയിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം ചൈനയുടെ ഏകപക്ഷീയമായ നിലപാടാണെന്നാണ് ഇന്ത്യന്‍ പക്ഷത്തിന്റെ വിമര്‍ശനം.
Read Also :ഇൻഡസ്ട്രിയൽ ഏരിയയിൽ ഇനി ഈസിയായി യാത്ര ചെയ്യാം: പാക്കേജ് 4 ലെ എല്ലാ റോഡുകളും തുറന്നു നൽകി
ചൈനീസ് ഭാഗമായ മോള്‍ഡോയിലായിരുന്നു ഇന്ത്യ- ചൈന കോര്‍-കമാന്‍ഡര്‍മാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഞായറാഴ്ച രാവിലെ 10.30 ഓടെ ആരംഭിച്ച ചര്‍ച്ച എട്ട് മണിക്കൂറിലധികം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. ഹോട്‌സ്പ്രിംഗിലെ പട്രോളിങ് പോയിന്റ് 15, ദേപ്സാങ് എന്നിവിടങ്ങളില്‍ നിന്നുള്ള സൈനിക പിന്മാറ്റമായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം.
ദെപ്‌സാംഗ് മേഖലയില്‍ നിന്നും ഇരുവിഭാഗം സൈന്യങ്ങളും പിന്‍വാങ്ങണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണെന്നും ഇന്ത്യ ചൈനയെ അറിയിച്ചു. ചൈനീസ് പ്രകോപനത്തിന് പിന്നാലെ ലഡാക്കില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ചര്‍ച്ചകളിലൂടെ പൂര്‍ണമായും പരിഹരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
Post Your Comments