കൊച്ചി : മോൺസൺ മാവുങ്കലിനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതി നൽകിയവരെ ചാനലിലൂടെ ആക്ഷേപിച്ച നടൻ ശ്രീനിവാസനെതിരെ വക്കീൽ നോട്ടീസ്. പരാതിക്കാരിലൊരാളായ വടക്കാഞ്ചേരി സ്വദേശി അനൂപ് വി.മുഹമ്മദാണ് അഭിഭാഷകൻ മുഖേന മാനനഷ്ടത്തിന് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. ഇല്ലെങ്കിൽ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും നോട്ടീസില്‍ പറയുന്നു.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോൺസൺ പണം നൽകിയ രണ്ടുപേരെ തനിക്കറിയാമെന്നും അവർ തട്ടിപ്പുകാരാണെന്നും അത്യാർത്തി കൊണ്ടാണ് പണം നൽകിയതെന്നുമായിരുന്നു ശ്രീനിവാസന്റെ ആരോപണം. അതേസമയം, ഇവരുടെ പേരുകൾ താൻ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
‘പത്ത് കോടി രൂപ നൽകിയെന്ന് പറയുന്ന പരാതിയാണ് ആദ്യം വരുന്നത്. അതിൽ രണ്ടു പേരെ എനിക്കറിയാം. അവർ തരക്കേടില്ലാത്ത ഫ്രോഡുകളാണ്, അവരിൽ ഒരാൾ സ്വന്തം അമ്മാവനെ പറ്റിച്ച് കോടികള്‍ കൈപറ്റിയ ആളാണ്’- എന്നാണ് ശ്രീനിവാസൻ പറഞ്ഞത്.
അതേസമയം, മോൺസൺ മാവുങ്കലിനെതിരെ പുതിയ ഒരു തട്ടിപ്പുകേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മോൺസൺ ഒന്നരലക്ഷം രൂപ വാങ്ങി തട്ടിയെന്ന് കാണിച്ച് ആലപ്പുഴ തുറവൂര്‍ സ്വദേശി പൊലീസിനെ സമീപിച്ചിട്ടുണ്ട്. 2017 ഡിസംബര്‍ 21-ല്‍ മോൺസൺ ഇരുപത് ദിവസത്തിനുളളില്‍ തിരിച്ചു നല്‍കാമെന്ന് പറഞ്ഞ് ഒന്നര ലക്ഷം ആവശ്യപ്പെട്ടുവെന്നാണ് പരാതിക്കാരന് പറയുന്നത്.
Post Your Comments