തിരുവനന്തപുരം: കേരള പൊലീസില്‍ നിന്ന് മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേയ്ക്ക്. മലബാര്‍ സ്‌പെഷ്യല്‍ പൊലീസില്‍ നിന്ന് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന നെടുമങ്ങാട് സ്വദേശി ആനന്ദ് എസ് കുമാര്‍, കെഎപി മൂന്നാം ബറ്റാലിയനിലെ അരുണ്‍ അലക്‌സാണ്ടര്‍, ഇടുക്കി ശാന്തന്‍പാറ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പികെ അനീഷ് എന്നിവരാണ് കെഎഎസില്‍ മിന്നും വിജയം സ്വന്തമാക്കിയത്.
നെടുമങ്ങാട് മേലാംകോട് സ്വദേശിയായ ആനന്ദ് പതിനൊന്നാം റാങ്ക് നേടിയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേയ്ക്ക് എത്തുന്നത്. കോഴിക്കോട് ഫറൂഖ് കോളേജില്‍ നിന്ന് ബിരുദ പഠനത്തിന് ശേഷം 2017ലാണ് പൊലീസില്‍ ചേരുന്നത്. തൃശൂരിലെ പൊലീസ് പരിശീലനകേന്ദ്രത്തില്‍ രണ്ടുവര്‍ഷത്തെ സേവനത്തിനുശേഷമാണ് തിരുവനന്തപുരത്ത് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ എത്തിയത്.
വയനാട് പുല്‍പ്പള്ളി സ്വദേശിയായ അരുണ്‍ അലക്‌സാണ്ടര്‍ 46-ാം റാങ്ക് നേടിയാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നേട്ടം കൈവരിച്ചത്. 2011ല്‍ സ്‌പോര്‍ട്‌സ് ഹവില്‍ദാര്‍ നിയമനത്തിലൂടെ കെഎപി മൂന്നാം ബറ്റാലിയന്റെ ഭാഗമായി പൊലീസിലെത്തി. കെഎഎസില്‍ 59-ാം റാങ്ക് നേടിയ ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി സ്വദേശിയായ അനീഷ് ഇപ്പോള്‍ ശാന്തന്‍പാറ പൊലീസ് സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ്. 2005ലാണ് അനീഷ് പൊലീസില്‍ പ്രവേശിച്ചത്.
Post Your Comments