കൊച്ചി: നഗരപരിധിയിൽ ഉയർന്ന അളവിലുള്ള ലഹരിവേട്ട പതിവായതോടെ പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയിൽ അതീവ ജാഗ്രത വേണമെന്ന് കൊച്ചി സിറ്റി പൊലീസ്. ലഹരി പിടികൂടുന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തു വിടരുതെന്ന കർശന നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ.
തുടർച്ചയായി നടക്കുന്ന ലഹരിവേട്ടകളിൽ പിടിയിലാകുന്നത് ഏറെയും ലഹരി വിൽപനയുടെ താഴെക്കണ്ണിയിൽ ഉള്ളവരാണ്. പിടിയിലാകുന്നവർക്കു പിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നുണ്ട് എന്നാണ് വിലയിരുത്തൽ.
അതുകൊണ്ടുതന്നെ ശക്തമായ കണ്ണി പുറത്തു പ്രവർത്തിക്കുന്നുണ്ടെന്നാണു കരുതുന്നത്. ഏതെങ്കിലും ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു നേരെ തിരിയാനുള്ള സാധ്യത മുന്നിൽ കണ്ടാണു നടപടിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ലഹരി പിടികൂടൽ സംബന്ധിച്ച ഔദ്യോഗിക വാർത്തകളിലൂടെ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങൾ പുറത്തു വരുന്നതിനും കർശന വിലക്ക് ഏർപ്പെടുത്തി. ഡിസിപിയുടെ ഓഫിസ് കേന്ദ്രീകൃതമായി മാത്രം വാർത്തകൾ നൽകിയാൽ മതിയെന്നാണു നിർദേശം. എസിപി, എസ്എച്ച്ഒ, സബ് ഇൻസ്പെക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്കു വാർത്ത നൽകുന്നതിനും വിലക്കുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ, വിവരങ്ങൾ കേന്ദ്രീകൃതമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വഴി നൽകിയാൽ മതിയെന്നാണു നിർദേശിച്ചിരിക്കുന്നത്. ഇതിൽതന്നെ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ ഒഴിവാക്കാനും ആവശ്യപ്പെട്ടു.
Post Your Comments