കൊച്ചി: കൈക്കുഞ്ഞുമായി കവർച്ചയ്ക്കെത്തുന്ന ‘ആമ സംഘ’ ത്തിലെ നാല് നാടോടി സ്ത്രീകളെ പിടികൂടി കൊച്ചി സിറ്റി പോലീസ്. കൊടും കുറ്റവാളികളായ സ്ത്രീകളാണ് പോലീസിന്റെ പിടിയിലായത്.
കോഴിക്കോട് തിരുവോട് കോട്ടൂർ ലക്ഷം വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ അമരാവതി (20), വയനാട് സുൽത്താൻ ബത്തേരി കേണിച്ചിറ പൂതാടി എകെജി റോഡിൽ മണിക്കുന്ന് വീട്ടിൽ മാരിമുത്തുവിന്റെ ഭാര്യ ദേവി (22 ), മുത്തപ്പൻ ഭാര്യ കസ്തൂരി (22), കേശവന്റെ ഭാര്യ ദേവി (21) എന്നിവരെയാണ് സെൻട്രൽ പോലീസ് എസ്.എച്ച്.ഒയുടെ നേതൃത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
രാവിലെ മുതൽ വൈകീട്ട് വരെ കുട്ടികളുമായി ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേന കറങ്ങി നടന്ന് ആളില്ലാത്ത വീടുകൾ നോക്കി വക്കുകയും പിന്നീട്, മോഷണം നടത്തുകയുമാണ് ഇവരുടെ രീതി. ചില വീടുകളിൽ രാത്രി സമയങ്ങളിൽ ഇവരോടൊപ്പം ഉള്ള പുരുഷന്മാരാണ് മോഷണത്തിനു കയറുന്നത്. ഈ സമയം ആരെങ്കിലും വീടിനുള്ളിൽ ഉണ്ടെങ്കിൽ അവരെ ആക്രമിക്കാനും ഇവർ മടിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.
സി.സി.ടി.വി. ക്യാമറ ഉള്ള വീടുകളെ പൂർണ്ണമായും ഒഴിവാക്കുകയാണ് സംഘം ചെയ്യുന്നത്. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ കയറി 20 പവൻ സ്വർണ്ണവും 3,25,000 രൂപയും അമേരിക്കൻ ഡോളറും ഗോൾഡൻ റോളക്സ് വാച്ചുമടക്കം 25 ലക്ഷം രൂപ വരുന്ന വസ്തുക്കളാണ് പ്രതികൾ മോഷ്ടിച്ചത്.
Post Your Comments