വിഴിഞ്ഞം: കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നടരാജ വിഗ്രഹവുമായി രണ്ടു പേരെ വിഴിഞ്ഞം പൊലീസ് പിടികൂടി. പുരാവസ്തു എന്ന പേരിൽ വിൽപനക്കായി കൊണ്ടുവന്ന നടരാജ വിഗ്രഹമാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം വിഴിഞ്ഞം ഉച്ചക്കടയിൽ നിന്നാണ് 45 കിലോ ഭാരമുള്ള പിച്ചളയിൽ നിർമ്മിച്ച നടരാജ വിഗ്രഹം പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന രണ്ടംഗ സംഘത്തെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതായി പൊലീസ് പറഞ്ഞു.
ഡൽഹിയിൽ നിർമിച്ച വിഗ്രഹം കോവളത്തെ ഒരു കരകൗശല വസ്തു വില്പനക്കാരനിൽ നിന്നു ആറാലുംമൂട് സ്വദേശികളായ രണ്ട് പേർ 40000 രൂപക്ക് വാങ്ങി. അവർ ചൊവ്വരയിലെ ഒരു കച്ചവടക്കാരന് വിറ്റ വിഗ്രഹം അയാളാണ് തങ്ങൾക്ക് കച്ചവടത്തിനായി കൈമാറിയതെന്നാണ് പിടിയിലായവർ പൊലീസിനോട് പഞ്ഞത്. ടൂറിസം കേന്ദ്രമായ കോവളത്ത് വിദേശികളെ ലക്ഷ്യമിട്ട് വിഗ്രഹം എത്തിച്ചതാകാം എന്നാണ് കരുതുന്നത്.
പുരാവസ്തു എന്ന പേരിൽ വിൽപനക്കായി ആവശ്യക്കാരനെ കാത്തിരിക്കുന്നതിനിടെ ആണ് പിടിയിലായതെന്നും പൊലീസ് പറഞ്ഞു. പുരാവസ്തു എന്ന പേരിൽ മറ്റാരെയെങ്കിലും കബളിപ്പിക്കാനുള്ള ശ്രമം നടന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിഗ്രഹത്തിന് അമ്പത് വർഷത്തെ പഴക്കമുണ്ടെന്നാണ് പിടിയിലായവർ പറഞ്ഞത്. തൊണ്ടി മുതൽ എന്ന നിലയിൽ വിഗ്രഹം കോടതിയിൽ ഹാജരാക്കി. എന്നാൽ കാലപ്പഴക്കം അടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments