ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഭവത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബിജെപി നേതൃത്വത്തിനുമെതിരെയാണ് വരുണ്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. പ്രതിഷേധവുമായി മുന്നോട്ട് പോകുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ കാര്‍ ഇടിച്ചുകയറ്റുന്നതിന്റെ പുതിയ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വരുണിന്റെ മുന്നറിയിപ്പ്. ഇത് രണ്ടാം തവണയാണ് സംഭവത്തില്‍ പ്രതികരണവുമായി വരുണ്‍ ഗാന്ധി രംഗത്തെത്തുന്നത്.
‘വീഡിയോയില്‍ വളരെ വ്യക്തമാണ്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ല. ഈ ദൃശ്യങ്ങള്‍ ഓരോ കര്‍ഷകന്റെ മനസിലേക്കും വ്യാപിക്കുന്നതിന് മുമ്പ് നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കണം’ എന്ന് വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
സംഭവത്തില്‍ ഉത്തരവാദികളായ ആളുകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ വരുണ്‍ രംഗത്തെത്തിയിരുന്നു. ലഖിംപൂര്‍ ഖേരിയില്‍ വാഹനത്തിന് മുന്നില്‍ പ്രതിഷേധിച്ച ഒരു സംഘം കര്‍ഷകര്‍ക്ക് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും സംഘവും വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ സംഭവസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിലേക്ക് നയിച്ച സംഭവത്തില്‍ നാല് മരണങ്ങള്‍ കൂടി തുടര്‍ന്നു സംഭവിച്ചു.
Post Your Comments