പോരുവഴി: ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയ്ക്കിടെ ഗൃഹനാഥന്‍ മരണമടയാന്‍ കാരണം ഡോക്ടര്‍മാരുടെ അശ്രദ്ധയാണെന്ന് ആരോപണം ഉയര്‍ത്തി ഭാര്യ നല്‍കിയ പരാതിയില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിനാണ് പോരുവഴി ഇടയ്ക്കാട് തെക്ക് അജിതാഭവനത്തില്‍ അജിത് കുമാര്‍ (48) മരിച്ചത്.
നെഞ്ചുവേദനയെത്തുടര്‍ന്ന് സെപ്തംബര്‍ 25നാണ് സ്വയം കാറോടിച്ച് ഭാര്യ ദീപയ്ക്കൊപ്പം ഇദ്ദേഹം ആശുപത്രിയിലെത്തിയത്. ആന്‍ജിയോഗ്രാം കഴിഞ്ഞപ്പോള്‍ 2 ബ്ലോക്കുണ്ടെന്നും അടിയന്തരമായി ആന്‍ജിയോപ്ലാസ്റ്റി വേണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.കൂടാതെ മറ്റൊരു ആശുപത്രിയിലും കൊണ്ടുപോകാനോ ഒന്നും സമ്മതിക്കാതെ ബന്ധുക്കളെ ഭയപ്പെടുത്തി വേഗം തന്നെ സർജറി നടത്തുകയായിരുന്നു.
ആൻജിയോപ്ലാസ്റ്റി നടത്തിയപ്പോൾ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. 20 യൂണിറ്റ് രക്തം അടുത്തടുത്ത ദിവസങ്ങളില്‍ കൊടുത്തു. ഇതിനിടെ, കിഡ്‌നിയുടെയും തലച്ചോറിന്റെയും പ്രവർത്തനം നിലച്ചു.
കൂടാതെ തങ്ങളുടെ അനുവാദം ഇല്ലാതെ പല തവണ ശസ്ത്രക്രിയകള്‍ നടത്തിയതായാണ് ഭാര്യ ദീപയുടെ ആരോപണം. ശസ്ത്രക്രിയയ്ക്കിടെ ഹൃദയത്തിലുണ്ടായ മുറിവാണ് രക്തസ്രാവത്തിനും തുടര്‍ന്ന് മരണത്തിനും വഴിതെളിച്ചതെന്ന് ദീപ നല്‍കിയ പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിക്കും ഡി.എം.ഒയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments