തിരുവനന്തപുരം: വെറ്റ് ലീസ് വ്യവസ്ഥയിൽ കേരള പൊലീസ് വാടകക്കെടുത്ത ഹെലികോപ്റ്ററിന് ജീവന്റെ വിലയാണുള്ളതെന്ന് ആവർത്തിച്ചുറപ്പിച്ച സംഭവമാണ് ഇന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയവും വൃക്കയും പാൻക്രിയാസും കൊച്ചിയിലേക്കെത്തിക്കാൻ എയർ ആംബുലൻസായി ഉപയോഗിച്ചത് കേരള പൊലീസിന്റെ ഹെലികോപ്റ്ററാണെന്നും അദ്ദേഹം വ്യക്തമാക്കി.
36 വയസ്സുള്ള സെൽവിൻ ശേഖർ എന്ന സ്റ്റാഫ് നഴ്‌സിന്റെ ഹൃദയം ലിസി ഹോസ്പിറ്റലിലെ രോഗിക്കും വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലെ രോഗികൾക്കുമാണ് നൽകിയത്. മരണാനന്തര അവയവദാനം മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ്. സെൽവിൻ ശേഖറിന്റെ ഭാര്യ ഗീതയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആരോഗ്യ രക്ഷാ പ്രവർത്തനത്തിന് അടിയന്തിര ഇടപെടൽ നടത്തിയ പൊലീസിനെയും ആരോഗ്യ വകുപ്പിനെയും ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments