KeralaLatest NewsNews

കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ: ആയിരങ്ങൾക്കു കൈത്താങ്ങായി ഹൃദ്യം പദ്ധതി

തിരുവനന്തപുരം: സങ്കീർണമായ ഹൃദ്രോഗങ്ങളുമായി പിറന്നുവീണ നിരവധി കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ ഒരുക്കി സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതി. ഈ വർഷം ഇതുവരെ 873 കുട്ടികളുടെ ഹൃദയശസ്ത്രക്രിയ പൂർത്തിയായി. കഴിഞ്ഞ വർഷം 1380 പേർക്ക് പദ്ധതിയിലൂടെ സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തി.

Read Also: ഗവിയിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ പുതിയൊരു ഹോം സ്റ്റേ

പ്രതിവർഷം 2000 കുട്ടികൾ സങ്കീർണമായ ഹൃദ്യോഗങ്ങളുമായി സംസ്ഥാനത്ത് ജനിക്കുന്നതായാണ് കണക്ക്. നിലവിൽ എട്ടുവയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ശസ്ത്രക്രിയയ്ക്ക് അഞ്ച് ലക്ഷം രൂപയോളമാണ് ചെലവ്. ഹൃദ്യം പദ്ധതിയിലൂടെ ഈ ചികിത്സ സൗജന്യമായി ലഭിക്കും. 3119 കേസുകളാണ് ഈ വർഷം ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും വിദഗ്ധരായ ഡോക്ടർമാർ പ്രത്യേകം നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.

ശസ്ത്രക്രിയയ്ക്കു പുറമേ കുട്ടികൾക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാനും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള നിരീക്ഷണം ഏകീകരിക്കാനുമായി ഹൃദ്യം സോഫ്റ്റ് വെയറും തയാറാക്കിയിട്ടുണ്ട്. പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കാണു സൗജന്യ ചികിത്സ ലഭിക്കുന്നത്.

കുട്ടിക്ക് ഹൃദയ സംബന്ധമായ രോഗം നിർണയിച്ചു കഴിഞ്ഞാൽ രക്ഷിതാക്കൾ https://hridyam.kerala.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പരാണ് കുട്ടിയുടെ കേസ് നമ്പറും. കേസുകൾ ഓൺലൈനിലൂടെ പഠിക്കാനായി കേരളത്തിലുടനീളമുള്ള പീഡിയാട്രിക് കാർഡിയോളജിസ്റ്റുകളെ നിയോഗിച്ചിട്ടുണ്ട്. ഇവരാണ് രോഗത്തിന്റെ തീവ്രതയനുസരിച്ച് കുട്ടിയുടെ ശസ്ത്രക്രിയ തീയതി തീരുമാനിക്കുക.

രജിസ്റ്റർ ചെയ്തവരിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ജീവഹാനി സംഭവിക്കാനിടയുള്ള കുട്ടികളെ വളരെ വേഗം ശസ്ത്രക്രിയയ്ക്ക് വിധേയരാക്കും. ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ്, കൊച്ചി അമൃത ആശുപത്രി, ആസ്റ്റർ മെഡിസിറ്റി, തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്, ലിസി ആശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതി പ്രകാരമുള്ള ചികിത്സ സൗകര്യമുള്ളത്. സംസ്ഥാന സർക്കാരും ദേശീയ ആരോഗ്യദൗത്യത്തിന്റെ രാഷ്ട്രീയ ബാൽ സ്വസ്ഥ്യകാര്യക്രമുമാണ് ഇതിനുള്ള ഫണ്ട് നൽകുന്നത്. യൂനിസെഫും ബോസ്റ്റണിലെ ചിൽഡ്രൻസ് ഹാർട്ട്ലിങ്കും പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായം നൽകുന്നുണ്ട്.

2017ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. രാജ്യത്ത് ആദ്യമായാണ് വെബ് രജിസ്ട്രേഷൻ ഉപയോഗിച്ച് സൗജന്യ ഹൃദയശസ്ത്രക്രിയ സംവിധാനം നടത്തുന്നതെന്ന പ്രത്യേകതയും ഹൃദ്യം പദ്ധതിക്കുണ്ട്. ദേശീയ തലത്തിൽ തന്നെ കേരളത്തെ ശ്രദ്ധേയമാക്കിയ പദ്ധതിയാണിത്. കൂടുതൽ വിവരങ്ങൾക്ക് ദിശ 1056/0471 2552056.

Read Also: ഭീകരവാദത്തിന് കൂട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി അറേബ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button