റിയാദ്: ഒന്നര വർഷം മുൻപു റിയാദിൽ കാണാതായ മലയാളി യുവാവ് മരിച്ചതായി സ്ഥിരീകരിച്ചു. കൊല്ലം കരുനാഗപ്പള്ളി കല്ലേലി സ്വദേശിയും അസീസിയ പച്ചക്കറി മാർക്കറ്റിൽ സെയിൽസ്മാനായിരുന്ന താജുദ്ദീൻ അഹമ്മദ് കുട്ടിയാണ് (38) മരിച്ചത്. 2020 മേയ് 17ന് റിയാദ് ശിഫയിലെ മൂസാ സനാഇയ ഭാഗത്ത് ഒഴിഞ്ഞ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Also Read: നിലമ്പൂർ–കോട്ടയം സ്പെഷൽ ട്രെയിൻ നാളെ സർവീസ് ആരംഭിക്കുന്നു: യാത്രച്ചെലവ് വളരെ കുറവ് !
കാണാതായ താജുദ്ദീന് 2020 മേയ് 16 വരെ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഷുമൈസി ആശുപത്രി മോർച്ചറി രേഖകൾ പരിശോധിച്ചപ്പോഴാണ് ബംഗ്ലദേശ് പൗരൻ എന്നു തെറ്റായി രേഖപ്പെടുത്തിയിരുന്ന താജുദ്ദീന്റെ വിവരങ്ങൾ ലഭിച്ചത്. തുടർന്ന് പൊലീസിലും സ്പോൺസറുടെ പക്കലുമുള്ള രേഖകൾ ഒത്തുനോക്കി സ്ഥിരീകരിക്കുകയായിരുന്നു.
ഒരു മാസത്തോളം മോർച്ചറിയിൽ സൂക്ഷിച്ച അജ്ഞാത മൃതദേഹം ബന്ധുക്കൾ ആരും എത്താത്തതിനെ തുടർന്ന് കബറടക്കുകയായിരുന്നുവെന്നു ശിഫ പൊലീസ് സ്ഥിരീകരിച്ചു. ഒന്നിച്ചു ജോലി ചെയ്തിരുന്ന ബന്ധു ഷരീഫ് കോവിഡ് ബാധിച്ചു മരിച്ചതോടെ താജുദ്ദീൻ മാനസികപ്രയാസത്തിലായിരുന്നു. ഭാര്യ: ഷംന. 2 മക്കളുണ്ട്.
Post Your Comments