KottayamLatest NewsKeralaNattuvarthaNews

പ്രസാദ് ചേട്ടന്‍ കൃഷി ഉപേക്ഷിക്കുന്നു എന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി, അന്തസായി മറ്റു തൊഴിലെടുത്തു ജീവിക്കണം, ആശംസകൾ

കാട്ടുപന്നിക്ക് കാവല് കിടക്കാനുള്ളതല്ല അവരുടെ വിലപ്പെട്ട ജീവനും ജീവിതവുമെന്നു ബോധ്യപ്പെടുത്തണം

രാജ്യത്ത് കർഷകസമരം മാസങ്ങളായി നടക്കുകയാണ്. കൃഷി തന്നെ ജീവിതമായി കരുതുന്നവരാണ് കർഷകർ. എന്നാൽ മലയോര മേഖലയിൽ വന്യജീവികളുടെ ആക്രമണങ്ങളിലൂടെയും മറ്റു പ്രകൃതി ദുരന്തങ്ങളിലൂടെയും നിരവധി കർഷകർക്ക് കൃഷി നഷ്ടമായി മാറുന്നുണ്ട്. ഇതില്‍ മനംനൊന്ത് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇന്നുള്ളത്. അത്തരത്തില്‍ കൃഷി ഉപേക്ഷിക്കാന്‍ തയ്യാറായ കര്‍ഷകനെക്കുറിച്ച്‌ ബിജു വി ചാണ്ടി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

വന്യജീവികളുടെ ആക്രമണത്തില്‍ പൊറുതിമുട്ടി കൃഷി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് കോട്ടയം ജില്ലയിലെ പമ്ബാവാലിയിലെ പ്രസാദ് പാലക്കുഴിയില്‍ എന്ന കര്‍ഷകനാണ്. കൃഷി ഉപേക്ഷിച്ച പ്രസാദിന് ആശംസകളാണ് ബിജു സോഷ്യൽ മീഡിയയിലെ കുറിപ്പ്.

ബിജു വി ചാണ്ടി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട പ്രസാദ് പാലക്കുഴിയില്‍ (സുര)ചേട്ടന്‍ കൃഷി ഉപേക്ഷിക്കുന്നു എന്നു കേട്ടപ്പോള്‍ സന്തോഷമാണ് തോന്നിയത്. ആറുമാസം മുമ്ബ് സംസാരിച്ചപ്പോള്‍ അദ്ദേഹത്തോട് കൃഷി ഒഴിവാക്കി മറ്റെന്തെങ്കിലും ജീവിത മാര്‍ഗ്ഗം അന്വേഷിക്കരുതോ എന്ന് ഞാന്‍ ആരാഞ്ഞിരുന്നു

അപ്പോള്‍ വൈകാരികമായാണ് അദ്ദേഹം മറുപടി നല്‍കിയത്
ഇയ്യാംപാറ്റകളേപ്പോലെ വിളക്കിനു ചുറ്റം വലം വെച്ച്‌ ചിറകും ജീവനും നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ തന്നെയാണ് കേരളത്തിലെ മലയോരക്കര്‍ഷകരുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഉത്തരേന്ത്യയിലെ കര്‍ഷകര്‍ക്കൊപ്പവും കേരളത്തിലെ ക്ഷുദ്രജീവികള്‍ക്കൊപ്പവുമാണ് നമ്മുടെ ഭരണ ,സാസ്‌കാരിക ബുദ്ധിജീവി പുരോഗമന വിഭാഗങ്ങളൊക്കെ നിലയുറപ്പിച്ചിരിക്കുന്നത്. അത്തരം കപട നാട്യങ്ങളെ ‘ഊട്ടി ഉറക്കേണ്ട ‘ബാധ്യത ഏറ്റെടുക്കേണ്ടതില്ല എന്നു തീരുമാനിക്കാന്‍ ഇനിയും കാര്‍ഷിക വൃത്തികൊണ്ട് ജീവിക്കാമെന്നു വിചാരിക്കുന്ന മറ്റുകര്‍ഷകരും തയ്യാറാവണം .

മലയോര കര്‍ഷകര്‍ പ്രസാദ് ചേട്ടനെ പോലെ പരാജയം സമ്മതിയ്ക്കണം ,കാരണം കാട്ടുമൃഗങ്ങളോട് പൊരുതി ജയിച്ചാലും നിലവിലെ ഭരണ സാമൂഹ്യ വ്യവസ്ഥ യെ തോല്പിക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. കര്‍ഷകര്‍ നമ്മുടേത് എന്ന് കരുതിയ ഭൂമിയും ഗ്രാമവും ഒഴിഞ്ഞ് ഏതെങ്കിലും നഗരപ്രാന്തങ്ങളില്‍ ചേക്കേറണം

അവിടെ അന്തസായി മറ്റു തൊഴിലെടുത്തു ജീവിക്കണം സാധിക്കാത്തവര്‍ മക്കളെയെങ്കിലും കാര്‍ഷിക വൃത്തിയില്‍ നിന്നു പിന്‍തിരിപ്പിച്ച്‌ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ പ്രാപ്തരാക്കണം കാട്ടുപന്നിക്ക് കാവല് കിടക്കാനുള്ളതല്ല അവരുടെ വിലപ്പെട്ട ജീവനും ജീവിതവുമെന്നു ബോധ്യപ്പെടുത്തണം. ‘കൃഷി മഹത്തരമാണ് ‘എന്ന കാല്പനിക വാചക കസറത്തുകളുടെ പൊള്ളത്തരങ്ങള്‍ മക്കളെ പറഞ്ഞു പഠിപ്പിക്കണം

കൃഷി ഇല്ലെങ്കില്‍ കേരളമെങ്ങനെ ഉണ്ണും എന്ന ആശങ്കയൊന്നും കര്‍ഷകര്‍ തലയിലിട്ടു പുണ്ണാക്കണ്ട കാര്യമൊന്നുമില്ല നമുക്കൊന്നും എത്തി നോക്കാന്‍ പോലും കഴിയാത്ത ഭരണ ഉദ്യോഗസ്ഥ മേലാളന്മാര്‍ ഞൊടിയില്‍ മറ്റു മാര്‍ഗ്ഗം കണ്ടുകൊള്ളും. പറ്റുമെങ്കില്‍ വനവല്‍ക്കരണം കര്‍ശനമാക്കേണ്ടതിനേപ്പറ്റിയും ക്ഷുദ്രജീവികള്‍ സഹജീവികളാണെന്നും കപടമായി വിളിച്ചു പറഞ്ഞ് സാമൂഹ്യ അംഗീകാരം കൂടി നേടി എടുക്കാനും നമ്മള്‍ പരിശ്രമിക്കണം.

ജീവിതമാര്‍ഗ്ഗമായി കൃഷിയെ കാണരുത് സ്വന്തം ആഹാരാവശ്യത്തിനു മാത്രമായി കൃഷി പരിമിതപ്പെടുത്തണം അതിനു തയ്യാറല്ലെങ്കില്‍ കേരളത്തിലെ മലയോര കര്‍ഷകരെ കണ്ണീരും, കടക്കെണിയുമുണ്ട് കാത്തിരിക്കുന്നത്. ഹൈറേഞ്ചിലെ പലഗ്രാമങ്ങളും ശൂന്യമാകുന്ന കഴ്ചയുണ്ട് ,നിര്‍വ്വാഹമില്ലാത്ത നിരാലംബരായ മനുഷ്യര്‍ മാത്രമാണ് മലയോരങ്ങളില്‍ അവശേഷിക്കുന്നത് അവരെയാകട്ടെ പൊതു സമൂഹം വിലയിയിരുത്തുന്നത് കയ്യേറ്റക്കാരനെന്നും വനംകൊള്ളക്കാരനെന്നുമാണ് .

പോരാട്ടം ഒഴിവാക്കുന്നത് രാജതന്ത്രമാണ്. പരാജയപ്പെട്ടു പോകും മുന്‍പ് കര്‍ഷകര്‍ യുദ്ധം ഒഴിവാക്കണം അപ്പോള്‍ നഷ്ടത്തിന്റെ കാഠിന്യം കുറയും.

ഒരു കാര്യം ഉറപ്പാണ് കൃഷിയേക്കാള്‍ ലാഭകരമാണ് മറ്റേത് തൊഴിലും. ഒന്നുമല്ലെങ്കിലും എട്ടു മണിക്കൂര്‍ സുഖമായി ഉറങ്ങാനെങ്കിലും സാധിക്കും ,ക്ഷുദ്രജീവികളുടെയും ബുദ്ധിജീവികളുടെയും ശല്യവുമുണ്ടാകില്ല.

യാഥാര്‍ത്ഥ്യം ബോധത്തോടെയാണ് ജീവിതത്തെ സമീപിയ്‌ക്കെണ്ടത് ,ഭൂമി ,മണ്ണ് ,വിളവ് ,വിയര്‍പ്പ് ,തഴമ്ബ് ,ഒക്കെ വൈകാരികതയുടെ ഭാഗമായിരിക്കാം
പക്ഷേ അത്തരം വൈകാരികതകള്‍ക്ക് യാതൊരു വിലയും നല്‍കാതെ കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തുമ്ബോള്‍ ,നമ്മുടെ ഉല്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാതാവുമ്ബോള്‍ ,കൃഷിക്കാരനേക്കാള്‍ ,അവന്റെ ജീവനേക്കാള്‍ ,ജീവിതത്തേക്കാള്‍ പ്രാധാന്യം ക്ഷുദ്രജീവികള്‍ക്ക് നല്‍കപ്പെടുമ്ബോള്‍ ,വനം വളര്‍ത്തി മനുഷ്യരെ ഓടിക്കാന്‍ അണിയറയില്‍ തിരക്കഥകള്‍ രചിക്കപ്പെടുമ്ബോള്‍ അതില്‍ നിന്നു കാലേക്കൂട്ടി രക്ഷപെടാനുള്ള ശ്രമമാണ് കര്‍ഷകരുടെ ഭാഗത്തു നിന്നുണ്ടാവേണ്ടത്.

കൃഷി ഉപേക്ഷിച്ച പ്രസാദ് ചേട്ടന് എല്ലാവിധ ആശംസകളും ….

കഴിഞ്ഞ കാലത്തെ നിങ്ങളുടെ അദ്ധ്വാനത്തിന്റെ നാലിലൊന്ന് ചെയ്താല്‍ മുന്നോട്ടുള്ള ജീവിതം സുഖകരമാകും ഭഷ്യക്ഷാമത്തെ നേരിടാന്‍ നമ്മള്‍ മലയോര കര്‍ഷന്റെ മുന്‍ തലമുറ കാണിച്ച പോരാട്ട വീര്യത്തിന്റെ ചെറിയൊരംശം ഉള്ളിലുണ്ടെങ്കില്‍ സംതൃപ്തമായ മറ്റൊരു ജീവിതം കെട്ടിപ്പടുക്കാന്‍ സാധിക്കും

ജീവശ്വാസം പോലെ കരുതിയ കാര്‍ഷിക വൃത്തി ഉപേക്ഷിക്കുന്നത് വ്യക്തിപരമായി വേദനാജനകമാണെന്നറിയാം പക്ഷേ ക്ഷുദ്രജീവികള്‍ക്കു കൊടുക്കുന്ന പ്രാധാന്യം പോലും കര്‍ഷകര്‍ക്ക് നല്കാത്ത ഈ സമൂഹത്തിന് ഈ രാജി അതിശക്തമായ ഒരു സന്ദേശമാണ്.

ആശംസകള്‍…

shortlink

Related Articles

Post Your Comments

Related Articles


Back to top button