റിയാദ്: ആന്ധ്രയിലെ രാജാപെട്ട് എന്നയിടത്ത് നിന്നും മെച്ചപ്പെട്ടൊരു ജീവിതം കൊതിച്ച് എട്ട് വര്‍ഷം മുന്‍പ് സൗദിയിലെത്തിയതാണ് വെങ്കട്ട രമണയും മകളുടെ ഭര്‍ത്താവായ വിനോദ് കുമാറും. ചതിയനായ സ്‌പോണ്‍സര്‍ ഇരുവരെയും റിയാദില്‍ നിന്നും ഇരുനൂറിലധികം കിലോമീറ്റര്‍ അകലെ ദവാദ്‌മിയിലെ അല്‍ ജില എന്ന മരുഭൂമി പ്രദേശത്ത് കാലിത്തൊഴുത്തിലെത്തിച്ചു. ഹൗസ് ഡ്രൈവര്‍ വിസയില്‍ ഇവിടെയെത്തിയ ഇവരുടെ ദുരിത ജീവിതം അവിടെത്തുടങ്ങി.
നാളുകള്‍ക്ക് ശേഷം സ്‌പോണ്‍സറെത്തി വിനോദിനെ 150 കിലോമീറ്റര്‍ ദൂരെ ഒരിടത്ത ഒട്ടകങ്ങളെ മേയ്‌ക്കുന്ന സ്ഥലത്തെത്തിച്ചു. ഇതോടെ വെങ്കട്ട രമണയും വിനോദും തമ്മില്‍ കാണാന്‍ പോലുമാകാതെ അകലത്തിലായി. ഇവര്‍ക്കുളള ശമ്പളമൊന്നും നല്‍കാതെ സ്‌പോണ്‍സര്‍ വഞ്ചിക്കുകയായിരുന്നു. വിവാഹശേഷം നാളുകള്‍ക്കകമാണ് വിനോദ് ഭാര്യാ പിതാവിനൊപ്പം സൗദിയിലെത്തിയത്.
ഇന്ത്യന്‍ എംബസിക്ക് ഇരുവരുടെയും ബന്ധുക്കള്‍ ഇവരെ കാണുന്നില്ലെന്ന് കാട്ടി പരാതി നല്‍കി. ഇവരുടെ ലോക്‌സഭാ മണ്ഡലമായ രാജയമ്പേട്ട് എം.പി മിഥുന്‍ റെഡ്‌ഡി ഇക്കാര്യം വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ ധരിപ്പിച്ചു. മന്ത്രിയുടെ നേരിട്ടുളള ഇടപെടലില്‍ ഇന്ത്യന്‍ എംബസി ഇവരെ തേടി കണ്ടെത്താന്‍ ശ്രമം തുടങ്ങി.
ദവാദ്‌മിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അന്വേഷിച്ച് വെങ്കട്ട് രമണയെ കണ്ടെത്തി. മതിയായ ചികിത്സ പോലും ലഭിക്കാതെ നിരവധി രോഗങ്ങളാല്‍ വലയുന്ന വെങ്കട്ട് രമണയെ അവര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ വിനോദ് കുമാറിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇദ്ദേഹത്തിനായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്.
Post Your Comments