
മുംബൈ: ആഡംബര കപ്പലില്‍ നിന്ന് ലഹരിപ്പാര്‍ട്ടി സംഘത്തെ റെയ്ഡില്‍ പിടികൂടിയതും തുടര്‍ന്നുള്ള അറസ്റ്റും ബോളിവുഡ് താരം ഷാരൂഖ് ഖാനെ ലക്ഷ്യമിട്ടുള്ളതാണെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെ പ്രതികരണവുമായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും കടുത്ത മയക്കുമരുന്ന് സംബന്ധിയായ കുറ്റവാളികളാണ്. അറിയപ്പെടുന്ന ചില വ്യക്തികള്‍ പിടിക്കപ്പെടുമ്പോള്‍ മാത്രമാണ് മാദ്ധ്യമങ്ങളും ജനങ്ങളും അതിനു അമിത പ്രധാന്യം നല്‍കുന്നതെന്ന് സമീര്‍ വാങ്കഡെ വ്യക്തമാക്കി.
‘ഞങ്ങള്‍ ആരെയും ലക്ഷ്യമിടുന്നില്ല. ഷാരൂഖുമായി ഒരു വിരോധവുമില്ല. കഴിഞ്ഞ 10 മാസത്തിനിടെ 300 ലധികം പേരെ ഞങ്ങള്‍ അറസ്റ്റ് ചെയ്തു. അവരില്‍, പരമാവധി, ഏകദേശം 4 മുതല്‍ 5 വരെ അറിയപ്പെടുന്ന പ്രമുഖരായവര്‍ ആയിരിക്കാം,’ സമീര്‍ പറഞ്ഞു
ആഡംബര കപ്പലിലെ റെയ്ഡിനെ തെറ്റായി വ്യാഖ്യാനിക്കരുത്. റെയ്ഡ് നടക്കുമ്പോള്‍ ‘ആര്യന്‍ ഖാന്‍ തെറ്റായ സമയത്ത് തെറ്റായ സ്ഥലത്തായിരുന്നു’. അതാണ് അറസ്റ്റിനു കാരണമയാതെന്നും സമീര്‍ വ്യക്തമാക്കി.
ലഹരിപ്പാര്‍ട്ടി സംഘത്തെ ആഡംബര കപ്പലില്‍ നിന്നും സമീര്‍ വാങ്കഡെയും സംഘവും കസ്റ്റഡിയിലെടുത്തത് അതി വിദഗ്ധമായ ആസൂത്രണത്തിലൂടെയാണ്. മുംബൈയില്‍ ബോളിവുഡ് താരങ്ങളുടേയും വന്‍ വ്യവസായികളുടേയും മക്കള്‍ സ്ഥിരമായി ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നെന്ന് മുന്‍പും എന്‍സിബിക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍, പലരേയും കൃത്യമായി നിരീക്ഷിച്ചെങ്കിലും ഇത്തരക്കാരെ ലഹരിയോടെ കൈയോടെ പിടികൂടാന്‍ എന്‍സിബിക്ക് ആയിരുന്നില്ല.
കോര്‍ഡെലിയ ആഡംബരക്കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കുമെന്ന് സമീര്‍ വാങ്കഡെയ്ക്കു വിവരം ലഭിക്കുന്നത് ചില മയക്കുമരുന്ന് ഇടനിലക്കാരുടെ ആശയവിനിമയം ചോര്‍ത്തിയതോടെയാണ്. എന്നാല്‍, വന്‍സ്രാവുകളാണ് കപ്പലില്‍ ഉള്ളതെന്ന് എന്‍സിബിക്ക് വിവരം ഉണ്ടായിരുന്നില്ല. ഫാഷന്‍ ടിവിയുടെ പേരിലാണ് കപ്പലില്‍ ഡാന്‍ഡ് പാര്‍ട്ടി ഒരുക്കിയിരുന്നത്. ഈ പാര്‍ട്ടിയിലേക്ക് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ പ്രത്യേക അതിഥിയായി എത്തിക്കുകയായിരുന്നു.
Post Your Comments