തിരുവനന്തപുരം: ഇന്നലെ അർധരാത്രിയോടെ സാമൂഹ്യമാധ്യമങ്ങൾ ഒന്നടങ്കം പണിമുടക്കിയതിനെ തുടർന്ന് മലയാളികളുടെ മാനസിക സഞ്ചാരങ്ങൾ തന്നെ മാറി മറിഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രോളുകളാണ് ഇതിനെ ഏറ്റവും രസകരമായി അവതരിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്കും, വാട്സ്ആപ്പും, ഇൻസ്റ്റാഗ്രാമും നിലച്ചതോടെ മലയാളിയുടെ പ്രതികരണം എന്തായിരുന്നു എന്ന് ട്രോളുകളിൽ വ്യക്തമാണ്. ചിരിക്കാനുള്ള വകയുണ്ടെങ്കിലും മലയാളിയുടെ സാമൂഹ്യ മാധ്യമങ്ങളോടുള്ള അഡിക്ഷൻ കൂടിയാണ് ഇത് പ്രകടമാക്കുന്നത്.
എന്നാലും എന്റെ സുക്കറണ്ണാ ഞങ്ങളോടീ ചതി വേണ്ടായിരുന്നു എന്ന് തുടങ്ങി മാമനോടൊന്നും തോന്നല്ലേ മക്കളെ എന്നൊക്കെയാണ് സംഭവത്തിൽ ട്രോളുകളായി മലയാളിയുടെ പ്രതികരണം പുറത്തു വന്നിരിക്കുന്നത്. പെട്ടെന്ന് ജീവിതത്തിൽ നിന്ന് എന്തോ നഷ്ടപ്പെട്ടത് പോലെയാണ് പലർക്കും ഈ അവസ്ഥയിൽ സംഭവിച്ചതെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളും സൂചിപ്പിക്കുന്നു. ഒരുപാട് പ്രാവശ്യം ഫോൺ ഫ്ലൈറ്റ് മോഡിലാക്കി നോക്കിയവരും, സ്വിച്ച് ഓഫ് ചെയ്ത് ഓണാക്കിയവരും അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നുമുണ്ട്.
അതേസമയം, തടസ്സം നേരിട്ടതിൽ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ചുകൊണ്ട് സാക്ഷാൽ സുക്കറണ്ണൻ തന്നെ രംഗത്തു വന്നിരുന്നു.
Post Your Comments