കൊല്ലം: അഞ്ചലിലെ ഉത്ര കൊലപാതകക്കേസില്‍ ഈ മാസം പതിനൊന്നിന് വിധി പറയും. അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് വിധി പറയുന്നത്. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. സ്ത്രീധനമായി ലഭിച്ച സ്വര്‍ണ്ണാഭരണങ്ങളും കാറും പണവും സ്വത്തുക്കളും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് സൂരജ് ഭാര്യയായിരുന്ന ഉത്രയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയത്.
2020 മെയ് ഏഴിന് പുലര്‍ച്ചെ അഞ്ചലിലെ വീട്ടില്‍ കിടപ്പുമുറിക്കുള്ളിലാണ് ഉത്രയെ പാമ്പുകടിയേറ്റ നിലയില്‍ കണ്ടെത്തിയത്. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ച ഉത്രക്ക് ഭര്‍തൃവീട്ടില്‍ വച്ച് മാര്‍ച്ച് രണ്ടിനും പാമ്പുകടിയേറ്റിരുന്നു.
തുടര്‍ച്ചയായി രണ്ടുതവണ പാമ്പുകടിച്ചതിലും എസി മുറിക്കുള്ളില്‍ പാമ്പിനെ കണ്ടെത്തിയതിലും സംശയം തോന്നിയതോടെ ഉത്രയുടെ കുടുംബം പരാതി നല്‍കി. ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഉത്ര ഗാര്‍ഹിക പീഡനത്തിന് ഇരയായതിന്റെ വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മരണത്തിന് തൊട്ട് മുമ്പ് മാസങ്ങളോളം ഉത്രയെ മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നതായും കണ്ടെത്തി.
Post Your Comments