റിയാദ്: ഭക്ഷ്യമേഖലകളിലും സൂപ്പർ മാർക്കറ്റുകളും സ്വദേശിവത്കരണം നടപ്പാക്കി സൗദി അറേബ്യ. റസ്റ്റോറന്റ്, കാറ്ററിങ്, സൂപ്പർ മാർക്കറ്റ് മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കിയത്. ഇതോടെ കഫേകൾ, സെൻട്രൽ മാർക്കറ്റുകൾ, ഫുഡ് ട്രക്കുകൾ എന്നിങ്ങനെയുള്ള വിവിധ സ്ഥാപനങ്ങൾ സ്വദേശിവത്കരണത്തിന്റെ പരിധിയിൽ വന്നു. ഓരോ വിഭാഗത്തിലുമുള്ള സ്ഥാപനങ്ങളിൽ നിശ്ചിത ശതമാനമാണ് സ്വദേശികളെ നിയമിക്കണമെന്നാണ് നിർദ്ദേശം. അതേസമയം ഫുഡ് ട്രക്കുകളിലെ ജോലികൾ പൂർണമായും സ്വദേശിവത്കരിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.
മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹിയാണ് റസ്റ്റോറന്റ്, സൂപ്പർ മാർക്കറ്റ് മേഖലയിലെ സ്വദേശിവത്കരണ തീരുമാനം പ്രഖ്യാപിച്ചത്. പിന്നീട് ഇത് നടപ്പാക്കുന്നതിന് സ്ഥാപനങ്ങൾക്ക് സമയം അനുവദിച്ചിരുന്നു. ഈ സമയ പരിധി അവസാനിച്ചതോടെയാണ് ഒക്ടോബർ രണ്ട് മുതൽ നിയമം പ്രാബല്യത്തിൽ വന്നത്. നിയമം പ്രാബല്യത്തിൽ വന്നത് പ്രവാസികൾക്ക് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുക. ആയിരക്കണക്കിന് പ്രവാസികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്.
റസ്റ്റോറന്റുകൾ, മത്ബഖുകൾ, ഫാസ്റ്റ് ഫുഡ് കടകൾ, ജ്യൂസ് സെന്ററുകൾ എന്നിവിടങ്ങളിൽ 20 ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ഈ സ്ഥാപനങ്ങൾ ഷോപ്പിങ് മാളുകളിലോ മറ്റ് വാണിജ്യ കേന്ദ്രങ്ങളുടെ അകത്തോ ആണെങ്കിൽ സ്വദേശിവത്കരണ തോത് 40 ശതമാനമായിരിക്കും. ഒരു ഷിഫ്റ്റിൽ നാലിൽ കൂടുതൽ തൊഴിലാളികളുണ്ടെങ്കിൽ നിശ്ചിത ശതമാനം സ്വദേശികളുണ്ടായിരിക്കണമെന്നും നിയമത്തിൽ നിർദ്ദേശിക്കുന്നു.
പാനീയങ്ങൾ, ശീതീകരിച്ച ഭക്ഷ്യ വസ്തുക്കൾ, ഐസ്‌ക്രീം എന്നിവ വിൽക്കുന്ന കഫേകളിൽ 30 ശതമാനമാണ് സ്വദേശിവത്കരണം. ഇവ മാളുകളിലോ മറ്റ് വാണിജ്യ സ്ഥാപനങ്ങളുടെ അകത്തോ ആണെങ്കിൽ 50 ശതമാനം സ്വദേശികൾ വേണം. ഇവിടെ ഒരു ഷിഫ്റ്റിൽ രണ്ട് പേരുണ്ടെങ്കിൽ തന്നെ സ്വദേശിവത്കരണം ബാധകമാവുകയും ചെയ്യും. അതേസമയം ഫുഡ് ട്രക്ക് മേഖലയിൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പിലായി.
Read Also: ഏതവസരത്തിനും യോജിച്ച ഒരു പുസ്തകമുണ്ട് : ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബറിൽ
Post Your Comments