KeralaLatest NewsNews

കെഎസ്ആര്‍ടിസി ജീവനക്കാര്‍ പട്ടിണി സമരത്തില്‍: പച്ചവെള്ളം മാത്രം കുടിച്ച് ജോലി ചെയ്യുന്നു

2011ന് ശേഷം രണ്ടു പ്രാവശ്യം കേരളത്തിലെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയപ്പോള്‍ കെഎസ്ആര്‍ടിസിയെ മാത്രം തഴഞ്ഞു

ലോകമാകെ കൊവിഡിന്റെ പിടിയിലമര്‍ന്നപ്പോള്‍ തൊഴിലും വരുമാനവും നഷ്ടപ്പെട്ടത് നിരവധിപേര്‍ക്കാണ്. ഈ അവസരത്തില്‍ സ്ഥിരവരുമാനമുള്ള കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം ചെയ്യുന്നത് ശരിയോ എന്നതാവും ചോദ്യം. ശരിയാണ്, കാരണം 2011ന് ശേഷം രണ്ടു പ്രാവശ്യം കേരളത്തിലെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയപ്പോള്‍ കെഎസ്ആര്‍ടിസിയെ മാത്രം തഴഞ്ഞു. ഗതികെട്ട് എല്ലാ ജീവനക്കാരും രാഷ്ട്രീയ – യൂണിയന്‍ ഭേദമന്യേ ഒത്തുചേര്‍ന്ന് ഒറ്റക്കല്ല ഒരുമിച്ചാണ് എന്ന കൂട്ടായ്മ ഉണ്ടാക്കി പ്രത്യക്ഷ പ്രതിഷേധ സമരത്തിനിറങ്ങിയിരിക്കുകയാണ്.

കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌ക്കാരം നടത്തണമെന്നാവശ്യപ്പെട്ട് കണ്ടക്ടര്‍, മെക്കാനിക്, മിനിസ്റ്റീരിയല്‍ തുടങ്ങിയ ജീവനക്കാര്‍ ഇപ്പോള്‍ പട്ടിണി സമരത്തിലാണ്. അവര്‍ പച്ചവെള്ളം മാത്രം കുടിച്ച് ജോലി ചെയ്യുകയാണ്. ‘ഇനിയുള്ള ദിവസങ്ങളില്‍ ഒരു പക്ഷേ പലരും വണ്ടിയില്‍ തളര്‍ന്നു വീഴാം… തലയടിച്ചു വീണു രക്തസാക്ഷിയാവാം. സമരത്തിന്റെ ഗതി മാറാം. പക്ഷേ അവസാന നിമിഷം വരെ തങ്ങള്‍ പണിയെടുക്കുന്ന ബസിന് ഒരു പോറല്‍ പോലും വരുത്തുവാനോ പൊതുജനത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുവാനോ തങ്ങള്‍ തയ്യാറാകില്ല. സഹന സമരം തന്നെയായിരിക്കും തുടര്‍ന്നും നടക്കുക. സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കുന്നതിന് വേണ്ടി, സമൂഹത്തിന്റെ, രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ, സന്നദ്ധ സംഘടനകളുടെ, ജനാധിപത്യ വിശ്വാസികളുടെ പിന്തുണയും ഐക്യദാര്‍ഢ്യവും ലഭിക്കുമെന്ന വിശ്വാസം തങ്ങള്‍ക്കുണ്ട്’. ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളാണിത്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധ സമരങ്ങള്‍ കഴിഞ്ഞ ഒരു മാസമായി നടത്തുമ്പോഴും യാത്രക്കാര്‍ക്കും ജനങ്ങള്‍ക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാന്‍ ഒരു ട്രിപ്പു പോലും മുടക്കിയിട്ടില്ല. ഗാന്ധി ജയന്തി ദിനത്തില്‍ പോലും അനശ്ചിതകാല നിരാഹാര സമരത്തിനിടെ സര്‍വീസ് കൃത്യമായി നടത്തി. കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്നും കരകയറ്റാന്‍ വേണ്ട നയങ്ങള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കുന്നില്ലെന്നതാണ് വസ്തവം. മറിച്ച് പരമാവധി അഴിമതി നടത്തി അതിനെ മുക്കാനാണ് ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button