കോട്ടയം: ബിസിനസുകാരനെ ഹണിട്രാപ്പിൽ കുരുക്കി പണം തട്ടിയ കേസിൽ പ്രതികളുടേതെന്ന പേരിൽ പോലീസ് കൈമാറിയ ചിത്രങ്ങളിൽ പിഴവ് സംഭവിച്ചതായി ആരോപണം. നിരപരാധിയായ തിരുവനന്തപുരം സ്വദേശി സുബിന്റെ ചിത്രമാണ് കേസിലെ പ്രതിയുടേതെന്ന പേരിൽ പോലീസ് പുറത്തുവിട്ടത്. ചിത്രം ദുരുപയോഗം ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സുബിൻ വ്യക്തമാക്കി. പ്രതിയുടെ തെറ്റായ ഫോട്ടോ കൈമാറിയത് അന്വേഷണം വഴിതെറ്റിക്കാനാണെന്നാണ് ആരോപണം.
ബിസിനസുകാരനെ ഹണിട്രാപ്പിൽ കുരുക്കി പണം തട്ടിയെന്ന കേസിൽ കാസർകോട് അമ്പലത്തറ സ്വദേശിനി രഞ്ജിനി, കാത്തിരപ്പള്ളി കൂവപള്ളി സ്വദേശി സുബിൻ കൃഷ്ണൻ ഞാറക്കൽ സ്വദേശി ജോസ്ലിൻ എന്നിവരാണ് പ്രതികളെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഫോൺ വഴി വൈക്കം സ്വദേശിയായ ബിസിനസുകാരനുമായി അടുപ്പത്തിലായ രഞ്ജിനി പ്രണയം നടിച്ച് യുവാവിനെ കുടുക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ബിസിനസുകാരനെ രഞ്ജിനി ചേർത്തലയിലെ ലോഡ്ജിലേക്കു കൂട്ടി കൊണ്ടുപോകുകയായിരുന്നു. സുബിനും കൃഷ്ണനും പിന്നാലെയെത്തി. ഇവർ താമസിച്ച മുറിയിലെത്തുകയും രഞ്ജിനിക്കൊപ്പമുള്ള യുവാവിന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു.
20 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പുറത്തു വിടുമെന്ന ഭീഷണിയെ തുടർന്ന് വൈക്കത്തെ വീട്ടിലെത്തി ബിസിനസുകാരന്‍ 1.35 ലക്ഷം രൂപ ഇവർക്കു കൈമാറി. ബാക്കി പണം കൈപ്പറ്റാൻ സംഘം വൈക്കത്തെ വീട്ടിലെത്തിയപ്പോൾ ജോസ്‌ലിൻ പിടിയിലാകുകയായിരുന്നു.
ഈ വിവരത്തോടൊപ്പമാണ് മറ്റു രണ്ടു പ്രതികളുടെ ചിത്രങ്ങളും വൈക്കം പോലീസ് പുറത്തുവിട്ടത്. പ്രതിയായ കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി സുബിൻ കൃഷ്ണൻകുട്ടിയുടെ ചിത്രത്തിന് പകരംതിരുവനന്തപുരം പാറോട്ടുകോണം സ്വദേശി സുബിൻ ടിഎല്ലിന്റെ ചിത്രമാണ് പോലീസ് നൽകിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട സുബിൻ വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിനെ ബന്ധപ്പെട്ടു ഇതിനെ തുടർന്ന് പിഴവ് സംഭവിച്ച വിവരം പോലീസിന് ബോധ്യമാക്കുകയായിരുന്നു. പ്രതികളിലൊരാളായ സുബിൻ ഓടിച്ചിരുന്ന വാഹനത്തിന്റെ ഉടമയാണ് ഈ ചിത്രം കൈമാറിയതെന്നും കാറുടമയെ ചോദ്യം ചെയ്യുമെന്നും ഡിവൈഎസ്പി വിശദീകരിച്ചു.
Post Your Comments