തിരുവനന്തപുരം: ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ാം ജന്മദിനം. ആയുധങ്ങളും ആക്രമണവും കൈമുതലായുള്ള ബ്രിട്ടിഷ് അധികാരികൾക്ക് മുൻപിൽ അഹിംസയും പക്വമായ നിലപാടുകളും മുൻനിർത്തിക്കൊണ്ടാണ് ഗാന്ധിജി രാജ്യത്തിൻറെ പ്രധിഷേധത്തെ എല്ലായ്പ്പോഴും പ്രതിനിധാനം ചെയ്തത്. ഗാന്ധിജിയുടെ മഹത്വം ഏറെ പ്രസക്തമായ ഒരുകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
ഉറച്ച ആശയങ്ങളും മാറ്റമില്ലാത്ത നിലപാടുകളും ആക്രമണോത്സുകമല്ലാത്ത രീതിയിൽ എതിരാളികളുടെ നേർക്ക് തൊടുത്തു വിടുന്ന തന്ത്രമാണ് ഗാന്ധിജി സ്വീകരിച്ചത്. മറ്റാർക്കും ഒരു കാലത്തും അനുകരിക്കാനാവാത്ത വിധമായിരുന്നു ആ ജീവിതം. അതുകൊണ്ട് തന്നെ ഓരോ വർഷവും ഒക്ടോബർ 2 എന്നത് വിശേഷപ്പെട്ട ദിനം തന്നെയാണ് ഓരോ ഇന്ത്യക്കാരനും.
ഇന്ത്യയെ സ്വാതന്ത്ര്യത്തിൻറെ മനോഹരമായ കവാടത്തിലേയ്ക്ക് നയിച്ച മഹാരഥൻ ഭൂമിയിൽ പിറവിയെടുത്ത ദിനമാണ് ഒക്ടോബർ 2. ജീവിതത്തിലുടനീളം ഒരിക്കൽ പോലും വിട്ടുവീഴ്ചയില്ലാതെ പാലിച്ച അഹിംസ എന്ന തത്വം ജീവിതത്തിൻറെ സന്ദേശമായി വരും തലമുറകളിലേയ്ക്ക് പകരാനായി മാറ്റി വെച്ചുകൊണ്ടാണ് ഗാന്ധിജി ഭാരതത്തോട് വിടചൊല്ലിയത്.
ഇങ്ങനെയൊരു മനുഷ്യൻ ലോകത്ത് ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കില്ല എന്ന് ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റീനാണ്. സത്യമായിരുന്നു ഗാന്ധിജിയുടെ ദൈവം. നിരന്തര സത്യാന്വേഷണമായിരുന്നു ആ ജീവിതം. ആ സത്യാന്വേഷണത്തിനാണ് 1948 ജനുവരി 30ന് നാഥുറാം ഗോഡ്‌സേ എന്ന മതഭ്രാന്തൻ അവസാനമിട്ടത്. ഗോഡ്‌സേയുടെ വെടിയുണ്ടകൾ ചെന്നുതറച്ചത് ഒരു ജനതയുടെ ആത്മാവിലായിരുന്നു.
Post Your Comments