കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ ഉന്നത പൊലീസ് ബന്ധം ചര്‍ച്ചയാകുമ്പോള്‍ ഉയരുന്ന പേരുകളിലൊന്നാണ് അനിത പുല്ലയില്‍ എന്ന പ്രവാസിയുടേത്. തട്ടിപ്പുകാരനാണെന്ന് അറിയാതെയാണു മോൻസൻ മാവുങ്കലുമായി സൗഹൃദമുണ്ടായതെന്നും ഇപ്പോൾ തട്ടിപ്പു പുറത്തുവരാൻ കാരണവും താൻ ആണെന്നും അനിത വ്യക്തമാക്കുന്നു. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയാണു മോൻസൻ തട്ടിപ്പുകാരനാണെന്നു തന്നോട് ആദ്യമായി പറഞ്ഞതെന്നും മോൻസന്റെ വീട്ടിലുണ്ടായിരുന്ന ഒരു പെൺകുട്ടിയും ഫ്രോഡ് പരിപാടികൾ ചെയ്യുന്നുണ്ടെന്നും അനിത മനോരമ ഓൺലൈനോട് വ്യക്തമാക്കി.
പ്രവാസികളുടെ പ്രശ്നങ്ങൾക്കായല്ലാതെ എന്റെ അടുക്കളക്കാര്യം പറയാനായി താൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് പോയിട്ടില്ലെന്ന് അനിത വ്യക്തമാക്കുന്നു. സാമൂഹിക പ്രവർത്തകയെന്ന നിലയിൽ പ്രവാസികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചു മാത്രമാണു ലോക്നാഥ് ബെഹ്റയുൾപ്പെടെയുള്ളവരെ സമീപിച്ചിട്ടുള്ളതെന്നതും ആ രീതിയിലാണ് ഇവരുമായി അടുപ്പമുള്ളതെന്നും അനിത പറയുന്നു. അനിതയ്ക്ക് മോന്‍സനുമായി അടുപ്പമുണ്ടായിരുന്നെന്ന വാർത്ത യുവതി അംഗീകരിക്കുന്നുണ്ട്. എന്നാൽ, ഇയാൾ തട്ടിപ്പുകാരൻ ആണെന്ന് തിരിച്ചറിഞ്ഞ ശേഷം സൗഹൃദം പുലർത്തിയില്ലെന്നാണ് അനിത വ്യക്തമാക്കുന്നത്.
‘അവിടെ മോൻസന്റെ കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടിക്ക് ഇക്കാര്യമെല്ലാം അറിയാം. എന്നാൽ, പിന്നീട് അവളും ഈ രീതിയിൽ ചില ഫ്രോഡ് കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. മോൻസൻ മാവുങ്കലിനെ ലോക്നാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തി കൊടുത്തത് ഞാനാണ്. പ്രവാസികളുടെ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ഞങ്ങളുടെ സംഘടനയുടെ ആവശ്യത്തിനായിട്ടായിരുന്നു അത്. ചാരിറ്റി പ്രവർത്തനങ്ങൾ ഒക്കെ ചെയ്യുന്നു എന്ന് പറഞ്ഞതിന്റെ ബലത്തിലായിരുന്നു അത്. അന്ന് ഡിജിപിക്കൊപ്പം ഐ.ജി മനോജ് എബ്രഹാമും ഉണ്ടായിരുന്നു. മോൻസന്റെ വീട്ടിലെ മ്യൂസിയം സന്ദർശിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടത് ഞാനാണ്. അവിടെ എത്തിയ ശേഷം ഡിജിപി തന്നെയാണ് എന്നോട് അവിടെ അത്ര നല്ല സ്ഥലം അല്ല എന്ന് പറഞ്ഞത്. ഇനി ഇങ്ങനെയുള്ള കാര്യങ്ങൾക്ക് അവിടേക്ക് പോകണ്ട. വല്ലപ്പോഴും ഒരിക്കൽ നാട്ടിലേക്ക് വരുന്നത് കൊണ്ട് അങ്ങനെയുള്ളവരുടെ നെഗറ്റീവ് വശം അറിയാൻ സാധിക്കില്ലെന്ന് അന്ന് ബെഹ്‌റ എന്നോട് പറഞ്ഞു’, അനിത വ്യക്തമാക്കുന്നു.
Post Your Comments