ന്യൂയോര്‍ക്ക്: ഇന്ത്യയുടെ കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയുടെ 76ാമത് സമ്മേളനത്തിന്റെ പ്രസിഡന്റ് അബ്ദുല്ല ഷാഹിദ്. ലോകമെമ്പാടുമുള്ള വലിയൊരു വിഭാഗം ജനങ്ങളെപ്പോലെ താന്‍ കൊവിഷീല്‍ഡിന്റെ രണ്ട് ഡോസ് സ്വീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനെക്കയാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചത്. പൂനെ ആസ്ഥാനമായുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയാണ് ഇത് രാജ്യത്ത് നിര്‍മിക്കുന്നത്.
‘എനിക്ക് ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ ലഭിച്ചു. കൊവിഷീല്‍ഡ് സ്വീകാര്യമാണെന്ന് എത്ര രാജ്യങ്ങള്‍ പറയുമെന്ന് എനിക്കറിയില്ല. പക്ഷേ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും കൊവിഷീല്‍ഡ് ലഭിച്ചു-‘-ഷാഹിദ് പറഞ്ഞു. ഏകദേശം 100 രാജ്യങ്ങളിലേക്ക് 66 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. ജനുവരിയില്‍ 100,000 ഡോസ് കൊവിഷീല്‍ഡ് മാലിയിലേക്ക് അയച്ചു. ഇന്ത്യ നിര്‍മ്മിച്ച വാക്‌സിന്‍ സ്വീകരിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നായിരുന്നു ഷാഹിദിന്റെ സ്വന്തം രാജ്യമായ മാലിദ്വീപ്.
Post Your Comments