രാജകുമാരി: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെതിരെ വെളിപ്പെടുത്തലുമായി നിരവധിപേർ രംഗത്ത് വന്നു. ഇതിനിടയിൽ മോൻസനുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ വ്യക്തത വരുത്തി നടി ശ്രുതി ലക്ഷ്മി രംഗത്ത് വന്നിരുന്നു. പിന്നാലെ നടൻ ശ്രീനിവാസനും രംഗത്ത് വന്നു. മോൻസനെ പരിചയപ്പെട്ടത് ഡോക്ടർ എന്ന നിലയിലാണെന്ന് ശ്രീനിവാസന്‍ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അയാൾ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നുവെന്ന് ശ്രീനിവാസൻ പറയുന്നു. ഹരിപ്പാട്ടെ ആയുർവേദ ആശുപത്രിയിൽ തനിക്ക് മോൻസന്‍ ചികിൽസ ഏർപ്പാടാക്കിയെന്നും താനറിയാതെ ആശുപത്രിയിലെ പണം അടച്ചെന്നും ശ്രീനിവാസൻ വ്യക്തമാക്കുന്നു.
‘സുഹൃത്ത് വഴിയാണ് അയാളെ പരിചയപ്പെടുന്നത്. ഡോക്ടർ ആണെന്നായിരുന്നു പറഞ്ഞത്. ഞാനൊരു പാവം രോഗി ആണല്ലോ? അതുകൊണ്ട് അദ്ദേഹത്തെ വീട്ടിൽ ചെന്ന് കാണാമെന്ന് കരുതി. അവിടെ എത്തിയപ്പോഴാണ് പുരാവസ്തു ശേഖരം കണ്ടത്. ഒരു ഫോട്ടോ എടുത്തു എന്നത് ശരിയാണ്. അതിനെ കുറിച്ച് കൂടുതലൊന്നും ഞാൻ ചോദിച്ചില്ല. അദ്ദേഹം ഒരു കോസ്മറ്റോളജിസ്റ്റ് ആണെന്നായിരുന്നു പറഞ്ഞത്. എന്റെ അസുഖം അതല്ലല്ലോ? അദ്ദേഹം എന്നെ ഹരിപ്പാട് ഉള്ള ഒരു ആയുർവേദ ഡോക്ടറുടെ അടുത്തെത്തിച്ചു. അവിടെ അഡ്മിറ്റ് ആയി. ചികിത്സ തുടങ്ങി. ചികിത്സ കൊണ്ട് ഒരുപാട് ഗുണം ഉണ്ടായി. ഡിസ്ചാർജ് ആയപ്പോഴാണ് അറിഞ്ഞത്, മോൻസൻ എന്റെ ബില്ല് അടച്ചിരുന്നു എന്ന്. പിന്നീട് ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല’, ശ്രീനിവാസൻ പറയുന്നു.
‘സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരെയാണ് അയാൾ പറ്റിച്ചതെന്നാണ് അറിയുന്നത്. മോൻസനെതിരെ പരാതി നൽകിയവരിൽ രണ്ടുപേർ ഫ്രോഡുകളാണ്. പണത്തിനോട് അത്യാർത്തിയുള്ളവരാണ് മോൻസന് പണം നൽകിയത്. വമ്പൻ സ്രാവുകളെ ലക്ഷ്യമിട്ടത് കൊണ്ട് സാധാരണക്കാർ രക്ഷപെട്ടു. അങ്ങനെ സാധാരണക്കാരോട് നീതി കാണിക്കാനുള്ള സാമാന്യ ബോധം അയാൾ കാണിച്ചു. ഏതായാലൂം മോൻസനെ മലയാളികൾ ഇനിയെങ്കിലും പൂവിട്ട് പൂജിക്കണം’, ശ്രീനിവാസൻ പറഞ്ഞു.
Post Your Comments