കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ അന്വേഷണം ഇറ്റാലിയന്‍ പൗരത്വമുള്ള മലയാളിയായ അനിത പുല്ലയിലിലേക്ക് നീണ്ടാല്‍ കുരുക്കിലാകുക പോലീസിലെ ഉന്നതർ. പോലീസ് മേധാവിയായി വിരമിച്ച ലോക്‌നാഥ് ബെഹ്‌റയുമായും നിലവില്‍ പോലീസ് തലപ്പത്തെ സ്വാധീനമുള്ള ഉദ്യോഗസ്ഥരുമായും ഇവര്‍ക്ക് വലിയ അടുപ്പമാണുള്ളത്. ഏറ്റവും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരുമായി ഇവര്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പലവട്ടം കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്.
പരമപ്രധാന പോലീസ് ഓഫീസുകളിലും എത്തിയിട്ടുണ്ട്. ഇതിനിടെ അനിതയുടെ ശക്തമായ ഇടപെടലാണ് മോന്‍സന്റെ തട്ടിപ്പുകള്‍ പുറത്തുവരാന്‍ കാരണമായതെന്നുള്ള വാദങ്ങളുമുണ്ട്. മാധ്യമങ്ങളില്‍ അനിത നേരിട്ടു വന്ന് തട്ടിപ്പിനെതിരേ തുറന്നു സംസാരിക്കുന്നുമുണ്ട്. അനിത ‘ലോക കേരള സഭ’യില്‍ പ്രതിനിധിയായി എത്തിയതിനെക്കുറിച്ചും പ്രവാസി ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രതിനിധിയാകാന്‍ വേണ്ട മാനദണ്ഡമാണ് പ്രവാസി ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നത്.
ഇത് അന്വേഷിക്കണമെന്ന് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രത്യേക ക്ഷണിതാക്കളും ആവശ്യപ്പെടുന്നുണ്ട്. അനിതയെ പ്രതിനിധിയാക്കാന്‍ പോലീസ് തലപ്പത്തെ ചിലരുടെ സ്വാധീനമുണ്ടായിരുന്നുവെന്നാണ് ആരോപണം. സര്‍ക്കാരിന്റെയും പോലീസിന്റെയും മറ്റു പല പരിപാടികളിലും ഇവര്‍ പ്രതിനിധിയായി എത്തിയിട്ടുണ്ട്. ഇതിലേക്ക് ആര് ക്ഷണിച്ചു, എന്തായിരുന്നു പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡം എന്നെല്ലാം പരിശോധിക്കേണ്ടതായും വരും.
കേരള പോലീസിനാകെയും പ്രവാസികള്‍ക്കും നാണക്കേട് ഉണ്ടാക്കുന്ന തരത്തില്‍ മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുകേസ് മാറിക്കഴിഞ്ഞെന്നും അതിനാല്‍, അനിതയെ പ്രതിനിധി സ്ഥാനത്തുനിന്ന് മാറ്റണമെന്നുമാണ് ഒരുവിഭാഗം പ്രവാസികളുടെ ആവശ്യം. നിലവില്‍ ലോക കേരള സഭയില്‍ പ്രത്യേക ക്ഷണാക്കളായവര്‍ ഇതിനായുള്ള ചരടുവലികള്‍ നടത്തുന്നുണ്ട്.
Post Your Comments