തിരുവനന്തപുരം: രക്തദാനത്തിന്റെ പ്രാധാന്യമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക് പോസ്റ്റ്. സഹജീവികളോടുള്ള കരുണയും സാമൂഹിക പ്രതിബദ്ധതയുമാണ് മനുഷ്യത്വത്തിൻ്റെ അടിസ്ഥാനം. അതിൻ്റെ മഹത്തായ ആവിഷ്കാരങ്ങളിലൊന്നാണ് രക്തദാനം. അതിലൂടെ രക്ഷിക്കാൻ കഴിയുന്നത് അനവധി മനുഷ്യജീവനുകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘കേരളത്തിൽ ചികിത്സകൾക്കായി പ്രതിവർഷം ആവശ്യമായി വരുന്നത് ശരാശരി 4 ലക്ഷം യൂണിറ്റ് രക്തമാണ്. അതിൽ 80 ശതമാനത്തോളം സന്നദ്ധ രക്തദാനത്തിലൂടെ നിറവേറ്റപ്പെടുന്നുണ്ട്. എന്നാൽ അത് 100 ശതമാനമാക്കുക എന്ന ലക്ഷ്യമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഇന്ന് ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ ആ ലക്ഷ്യം പൂർത്തീകരിക്കാനായി എല്ലാവരും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുകയാണ്’, മുഖ്യമന്ത്രി പറഞ്ഞു.
‘ആരോഗ്യ വകുപ്പ്, കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, ബ്ലഡ് ബാങ്കുകള്‍, രക്തദാന സംഘടനകള്‍ എന്നിവ സംയുക്തമായി ‘സസ്‌നേഹം സഹജീവിക്കായി’ എന്ന പേരില്‍ ഒരു ക്യാമ്പയിനും ആരംഭിച്ചിരിക്കുകയാണ്. ‘രക്തം ദാനം ചെയ്യൂ ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ’ എന്ന രക്തദാന ദിനത്തിൻ്റെ സന്ദേശം ഏറ്റെടുത്ത് ഈ ക്യാമ്പയിൻ വിജയിപ്പിക്കാൻ നമുക്ക് ഒരുമിച്ച് നിൽക്കാം. രക്തം ദാനം ചെയ്ത് മനുഷ്യജീവനുകൾ കാക്കുമെന്ന് പ്രതിജ്ഞ ചെയ്യാം’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments