അഞ്‍ജു പാർവതി പ്രഭീഷ്
പ്രണയം നിഷേധിച്ചാൽ പെണ്ണിനെ ചുട്ടുകൊല്ലുന്ന മനസാക്ഷിയാണ് ഒരു യുവതയ്ക്കുള്ളതെങ്കിൽ അത് ആ നാടിന്റെ വളർച്ചയല്ല; മറിച്ച് തളർച്ചയാണ്. ഇഷ്ടപ്പെട്ടവളെ ജീവിതസഖിയായി കിട്ടിയില്ലെങ്കിൽ ഇല്ലായ്മ ചെയ്യുന്ന മാനസികാവസ്ഥയിലേയ്ക്ക് കേരളം വളരുമ്പോൾ തളരുന്നത് നമ്മുടെ പെൺമക്കളാണ്. പ്രണയത്തിനു മറുപടി ഒരു ‘നോ’ യിൽ ഒതുക്കിയാൽ പട്ടാപ്പകൽ വെടിവയ്ക്കാനും പെട്രോളൊഴിക്കാനും കഴുത്തറുത്ത് കൊല്ലാനും കഴിയുന്ന തരം മാനസികാവസ്ഥയിലെത്തി നില്ക്കുന്ന നമ്മൾ സ്വയം അഡ്രസ്സ് ചെയ്യുന്നത് പ്രബുദ്ധർ എന്നാണ്. നൂറു ശതമാനം സാക്ഷരത എന്നാൽ മാനസികാരോഗ്യത്തിന്റെയോ, വകതിരിവിന്റെയോ , വിവേകത്തിന്റെയോ, അളവുകോൽ അല്ലായെന്നു അടിവരയിടുന്നുണ്ട് സമകാലികകേരളത്തിലെ ആരും കൊലകൾ.
Also Read:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ് : വില കുത്തനെ ഉയരുമെന്ന് വിദഗ്ദ്ധര്‍
സ്ത്രീസുരക്ഷയ്ക്ക് അമ്പത് ലക്ഷത്തിന്റെ മതിലു കെട്ടിയ കേരളത്തിലാണ് പെൺകുട്ടികൾക്ക് നേരെയുള്ള അക്രമങ്ങളും കൊലപാതകങ്ങളും തുടർക്കഥയാവുന്നത്. പ്രണയം നിഷേധിച്ചതിന്റെ പേരില്‍ അഥവാ പുരുഷനോട് നോ എന്നു പറഞ്ഞതിന്റെ പേരില്‍ കൊല്ലപ്പെടേണ്ടവരാണ് സ്ത്രീകള്‍ എന്ന കടുത്ത മാനസികവൈകല്യം പേറുന്ന യുവതയുള്ള സമൂഹമാണ് നമ്മുടേതെങ്കിൽ ലജ്ജിക്കണം നവോത്ഥാന കേരളം.
വിദ്യാർത്ഥിനികൾ ഉൾപ്പടെയുള്ള സ്ത്രീ സമൂഹം യാതൊരു സുരക്ഷയും ലഭിക്കാതെ അക്രമികളുടെ ഇരകളാവുകയാണ്. കോതമംഗലത്ത് ഡെൻ്റൽ വിദ്യാർത്ഥിനി മാനസ യുവാവിൽ നിന്നും വെടിയേറ്റ് മരിച്ചിട്ട് വെറും രണ്ട് മാസം മാത്രം പിന്നിടുമ്പോഴാണ് പാലായിൽ മറ്റൊരു ക്രൂരകൊലപാതകം നടക്കുന്നത്. തോക്കിനു പകരം പേപ്പർ കട്ടർ ആണെന്നൊരു വ്യത്യാസം മാത്രം. കൊലപാതകങ്ങൾ അരുംകൊലകൾ മാത്രമാണ്.പ്രണയവുമായി ചേര്‍ത്ത് കാല്‍പനികവല്‍ക്കരിക്കേണ്ടതല്ല അവ.അപക്വമായ കൗമാരചാപല്യങ്ങളായി തള്ളിക്കളയേണ്ടതുമല്ല. ഗൗരവത്തോടെ പരിശോധിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ട മാനസികാരോഗ്യപ്രശ്നമാണത്. കരുതലോടെ സമീപിക്കേണ്ടത് സമൂഹത്തിന്റെയാകെ സുരക്ഷയ്ക്ക് അനിവാര്യവുമാണ്.
പാലായിൽ നിന്നും കേട്ട നെഞ്ചിൽ തീയാളുന്ന കൊലപാതകത്തിലും ഒരു പ്രണയത്തിന്റെ നിരസിക്കൽ കേൾക്കുന്നുണ്ട്. അത്തരം ടാഗ് ലൈനുകളോട് അങ്ങേയറ്റം വിയോജിപ്പാണ്. ഒരു തെറ്റും ചെയ്യാത്ത ഒരാളുടെ ജീവനെടുക്കുന്ന മനോഭാവത്തില്‍ എവിടെയാണ് സ്നേഹവും പ്രണയവും ഉണ്ടാവുക? നോ എന്ന ഒരു നിരസിക്കലിൽ പക ഉണ്ടാവുന്നതാണോ പ്രണയം ? നിരാശയും നഷ്ടബോധവും നിയന്ത്രിക്കാനാകാത്ത മനുഷ്യർ കേവലം മാനസികവൈകല്യമുള്ളവരാണ്. അവർ അത്തരം നിരസിക്കലുകൾക്ക് പക കൊണ്ട് പ്രതികാരം ചെയ്യുന്ന കുറ്റവാളികളാണെങ്കിൽ സമൂഹത്തിന് ഭീഷണിയുമാണ്. പ്രണയത്തിന്റെ നരേഷനുകൾ വിട്ട് മാനസികാരോഗ്യതലത്തില്‍ തന്നെ ഈ ക്രൂരകൃത്യങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്.
തന്റേതാകുന്നില്ല, താന്‍ ആഗ്രഹിക്കുന്നത് നടക്കുന്നില്ല എന്ന നിരാശ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മനുഷ്യര്‍ മാനസികവൈകല്യങ്ങളുള്ളവരാണ്. ആ വൈകൃതത്തിന് അടിമപ്പെടുന്നവരാണ് ന്യൂ ജെൻ മല്ലൂസെങ്കിൽ നമ്മൾ നേടിയ സമ്പൂർണ്ണ സാക്ഷരത വെറും ഒരു അലങ്കാരം മാത്രമാണ്. സ്നേഹത്തിന്റെയോ പ്രണയത്തിന്റെയോ പേരില്‍ കൊലകള്‍ നടക്കുമ്പോള്‍ ഒരല്‍പം സഹതാപം കലര്‍ത്തി ആഘോഷിച്ച് അവസാനിപ്പിക്കുകയാണ് നമ്മുടെ പതിവ്. അത് തെറ്റാണ്. കൊന്നു തീര്‍ക്കുന്ന സ്നേഹം ഗുരുതരമായ മാനസികാരോഗ്യപ്രശ്നമാണ്. അതുള്ളവരെ തിരിച്ചറിയാനും തിരുത്താനും ചികില്‍സയെത്തിക്കാനും സമൂഹത്തിനാകെ ഉത്തരവാദിത്തമുണ്ട്. ഓരോ പ്രബുദ്ധ മലയാളിയെയും തിരിച്ചും മറിച്ചും കമിഴ്ത്തിയും കിടത്തി മാനസികനില പരിശോധിക്കേണ്ടതായ ഒരു ഘട്ടത്തിൽ നാം എത്തിയെന്നു തിരിച്ചറിയുക. ഇനിയും തിരിച്ചറിവുണ്ടായില്ലെങ്കിൽ ഇനി വരുന്നൊരു പെൺ തലമുറയ്ക്ക് ഇവിടെ വാസം സാധ്യമല്ലാത്തവിധം അരാജകത്വത്തിലേയ്ക്ക് നമ്മൾ കൂപ്പുകുത്തും. ജാഗ്രത ! കേരളത്തിൽ മാനസികരോഗികൾ വളരുന്നു ; നമ്മുടെ പെൺമക്കൾ തളരുന്നു !
Post Your Comments