ദില്ലി: സെപ്തംബർ മാസത്തിലെ ജിഎസ്ടി വരുമാനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർധന രേഖപ്പെടുത്തി. ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള നികുതി വരുമാനം 30 ശതമാനം വർദ്ധിച്ചു. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള നികുതി വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ മാസത്തെ വരുമാനത്തേക്കാൾ 20% കൂടുതലാണ്. കേരളത്തിന്റെ ജിഎസ്ടി വരുമാനം 14 ശതമാനം വർദ്ധന രേഖപ്പെടുത്തി 1764 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇത് 1552 കോടി രൂപയായിരുന്നു.
2021 സെപ്റ്റംബർ മാസത്തെ ക്രമപ്രകാരമുള്ള തിട്ടപ്പെടുത്തലുകൾക്ക് ശേഷം കേന്ദ്ര വരുമാനമായ സിജിഎസ്‌ടി 49390 കോടി രൂപയും സംസ്ഥാന വരുമാനമായ എസ്ജിഎസ്ടി 50907 കോടി രൂപയുമാണ്. ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള നഷ്ടം നികത്തുന്നതിനായി സംസ്ഥാനങ്ങൾക്ക് 22000 കോടി രൂപ കൂടി കൈമാറിയിട്ടുണ്ട്. അതേസമയം രാജ്യത്ത് 2020 സെപ്റ്റംബറിലെ ജിഎസ്ടി വരുമാനവും നാല് ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു.
2019 സെപ്റ്റംബറിലെ വരുമാനത്തേക്കാൾ നാല് ശതമാനമുയർന്ന് 91916 കോടി രൂപയായിരുന്നു വരുമാനം. 2021 സെപ്റ്റംബർ മാസത്തിലെ ചരക്ക് സേവന നികുതി (GST) വരുമാനം 117010 കോടി രൂപയാണ്. ഇതിൽ കേന്ദ്ര വരുമാനം 20,578 കോടി രൂപയും സംസ്ഥാന ജിഎസ്ടി വരുമാനം 26,767 കോടി രൂപയുമാണ്. സംയോജിത ജിഎസ്ടി വരുമാനം 60911 കോടി രൂപയും (ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള നികുതി വരുമാനമായ 29,555 കോടി രൂപയുൾപ്പെടെ) സെസ് വഴിയുള്ള വരുമാനം 8,754 കോടി രൂപയുമാണ് (ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള നികുതി വരുമാനമായ 623 കോടി ഉൾപ്പെടെ).
2020 സെപ്റ്റംബറിനെ അപേക്ഷിച്ച് 2021 സെപ്റ്റംബർ മാസത്തിൽ ഓരോ സംസ്ഥാനത്തിന്റെയും GST വരുമാനത്തിന്റെ കണക്ക് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സംസ്ഥാനാടിസ്ഥാനത്തിലുള്ള GST വരുമാനത്തിന്റെ വളർച്ച നിരക്കും പട്ടികയിൽ കാണാം.
Post Your Comments