തിരുവനന്തപുരം: ചോദ്യം ചെയ്യലിൽ മോൻസൻ മാവുങ്കലിനെ വെളിപ്പെടുത്തലുകൾ കേട്ട് അന്തം വിട്ടല്ല ക്രൈം ബ്രാഞ്ച് ഓഫിസർമാർ ഇരിക്കുന്നത്, മാറി നിന്ന് ചിരിക്കുകയാണത്രെ. സൈബര്‍ ഇടത്തിലെ ട്രോളുകളെ വെല്ലുന്ന കാഴ്‌ച്ചകളാണ് മോന്‍സനെ ചോദ്യം ചെയ്യുന്നിടത്തും. മാവുങ്കലിന്റെ തള്ളലുകളും പൊലീസുകാരെ കുടുകുടാ ചിരിപ്പിക്കുന്നു.
ചോദ്യം ചെയ്യൽ മുറിയിലെ കാഴ്ചയിതാണ്. എന്തിനാണ് ഇതൊക്കെ പറഞ്ഞ് ആൾക്കാരെ പറ്റിക്കുന്നതെന്ന് ചോദിച്ചാൽ, ഞാൻ ഇങ്ങനെ തള്ളൽ നടത്തിയാണ് ജീവിക്കുന്നത്, ഇത്രയും നാളും ജീവിച്ചത്. ഞാൻ അതിന് ആരെയും നിർബന്ധിച്ച് ഒന്നും വാങ്ങിപ്പിക്കാറില്ല.
ഡോക്ടർ ആണോ എന്ന ചോദ്യത്തിന് ‘ഏയ് ഞാൻ ഡോക്ടറൊന്നുമല്ല. ആരെങ്കിലും ഡോക്ടർ ചേർത്ത് എന്നെ വിളിച്ചാൽ ഞാനെന്തിന് തിരുത്താൻ പോകണം. തിരുത്താറുമില്ല…’ ഇങ്ങനെയുള്ള ഉത്തരങ്ങളാണ് ചോദ്യം ചെയ്യലിൽ വരുന്നത്. പൊലീസ് ഓഫിസർമാരെ ഉൾപ്പെടെ പറ്റിച്ചതിനെക്കുറിച്ച് ചോദിക്കുമ്പോഴുള്ള മറുപടിയും രസകരമാണ്.‘ഞാൻ പറയുന്നു ഇത് മോശയുടെ വടിയാണെന്ന്: അവർ അത് വിശ്വസിക്കുന്നു. ഞാൻ ആരോടും നിർബന്ധിച്ച് പറയാറില്ല. ഇത് മോശയുടെ വടിയല്ലെന്ന് തർക്കിക്കാൻ അവരും നിൽക്കാറില്ലാത്തതിനാൽ അങ്ങനെ മുന്നോട്ടുപോകുന്നു.
അടുത്തകാലത്തായി ഇത്രയും ‘ഫണ്‍’ നിറച്ചുള്ള ഒരു അന്വേഷണം മുന്നോട്ടു പോയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനിടെ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലുള്ള ആനക്കൊമ്പ് വ്യാജമെന്ന് വനംവകുപ്പും കണ്ടെത്തിയിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ആനകൊമ്പ് എന്നു തോന്നു ഇതും വ്യാജമാണെന്നത് ഞെട്ടിക്കുന്നു. ഒട്ടകത്തിന്റെ എല്ലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതെന്ന് സംശയം. ഇവ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയില്‍ പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം.
ഇതുകൂടാതെ ചില ശംഖുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതും പരിശോധന വിധേയമാക്കും. മോന്‍സന്റെ വീട്ടിലെ ശില്‍പങ്ങളൊന്നും ചന്ദനത്തില്‍ തീര്‍ത്തതല്ലെന്നും വനംവകുപ്പ് കണ്ടെത്തി. മോന്‍സന്റെ വീടുകളില്‍ പൊലീസും വനംവകുപ്പും മോട്ടോര്‍വാഹന വകുപ്പും സംയുക്ത പരിശോധന നടത്തുകയായിരുന്നു. അതേസമയം മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിന്റെ തമാശകള്‍ സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞൊഴുകുകയാണ്. മലയാളിയുടെ ഹാസ്യം ഏതറ്റം വരെയും കൊണ്ടുപോകാന്‍ പറ്റുന്ന തരത്തിലാണ് മോന്‍സന്റെ പുരാവസ്തു തട്ടിപ്പിന്റെ ട്രോളുകളിറങ്ങുന്നത്.
പരിചയക്കാര്‍ ഫോണ്‍ വിളിച്ചാല്‍ തമ്മില്‍ ആദ്യം ചോദിക്കുന്നതുതന്നെ ശ്രീകൃഷ്ണന്‍ ഉപയോഗിച്ച സുദര്‍ശന ചക്രം ഇരിപ്പുണ്ട് വേണോ… പത്തോ പതിനഞ്ചോ കോടി തന്നാല്‍ മതിയെന്നാണെന്നാണ് ട്രോളുകള്‍. എം ജി ശ്രീകുമാറിനെയും മോന്‍സന്‍ കബളിപ്പിച്ചിരുന്നു. ഇതുകൂടി ആയപ്പോള്‍ ചിരിയുടെ ഡോസ് കൂടിയെന്ന് പറഞ്ഞാല്‍ മതി.
മോശയുടെ വടിയും ഹനുമാന്റെ ഗദയും ഒന്നും വേണ്ട, വെള്ളം വീഞ്ഞാക്കുന്ന ഭരണിയുണ്ടോ അതു പറ…! ഇങ്ങനെ മലയാളിയുടെ തമാശയുടെ രണ്ടു ദിവസങ്ങളാണ് കടന്നുപോയത്. മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയുള്‍പ്പെടെ ഇരുന്ന ടിപ്പുസുല്‍ത്താന്റെ കസേരയായി പ്രചരിച്ച പടത്തെക്കുറിച്ചാണ് കൂടുതലും ട്രോള്‍. ടിപ്പു സുല്‍ത്താന്‍ ഒഴിച്ച് ബാക്കി എല്ലാവരും ആ കസേരയില്‍ ഇരുന്നതായാണ് ട്രോള്‍ മഴ.
Post Your Comments