Latest NewsIndiaNews

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍

 

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. ‘നാഷണല്‍ സ്‌കീം ഫോര്‍ പി.എം. പോഷണ്‍ ഇന്‍ സ്‌കൂള്‍സ്’ എന്നാണ് ഇനി മുതല്‍ ഉച്ചഭക്ഷണ പദ്ധതി അറിയപ്പെടുക. പദ്ധതി 2026 വരെ നീട്ടാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ 54,000 കോടിരൂപയും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും 31,733.14 കോടിരൂപയുമാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. 11.20 ലക്ഷം സ്‌കൂളുകളില്‍ പഠിക്കുന്ന 11.80 കോടി കുട്ടികള്‍ക്ക് പി.എം. പോഷണ്‍ പദ്ധതിയുടെ ഗുണം ലഭിക്കും.

പ്രത്യേക അവസരങ്ങളിലും ആഘോഷവേളകളിലും വിദ്യാര്‍ത്ഥികള്‍ക്ക് വിശേഷ ഭക്ഷണം ലഭ്യമാക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുന്ന തിഥി ഭോജന്‍ പദ്ധതി നടപ്പാക്കും. കുട്ടികള്‍ക്ക് പ്രകൃതി-ഉദ്യാനപാലനത്തിന് അവസരമൊരുക്കാന്‍ വിദ്യാലയങ്ങളില്‍ ‘സ്‌കൂള്‍ ന്യൂട്രീഷന്‍ ഗാര്‍ഡന്‍സ്’ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ 1-8 ക്ലാസിലെ വിദ്യാര്‍ഥികളെ കൂടാതെ ബാലവാടികളിലെ കുട്ടികളെയും ‘പി.എം. പോഷണ്‍’ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button