കൊച്ചി: ശബരിമലക്കെതിരെ വ്യാജവാര്‍ത്ത ചമയ്ക്കുന്നതിനും ആധികാരിക രേഖകളെന്ന തരത്തിൽ തെളിവുണ്ടാക്കുന്നതിനും മാധ്യമങ്ങള്‍ കൂട്ടുപിടിച്ചത് പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിനെ എന്ന് റിപ്പോർട്ട്. ജന്മഭുമിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശബരിമല യുവതി പ്രവേശന വിഷയം കത്തിനില്‍ക്കുന്ന സമയത്താണ് 24 ന്യൂസ് ചാനല്‍ തട്ടിപ്പുകാരനെ കൂട്ടുപിടിച്ച് കേരളത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. 400 വർഷം പഴക്കമുള്ള ‘ചെമ്പോല തിട്ടൂരം’ എന്ന പേരിലാണ് മോന്‍സണ്‍ മാവുങ്കല്‍ തയാറാക്കിയ വ്യാജരേഖ 24 ന്യൂസ് അവതരിപ്പിച്ചത്.
ശബരിമലയില്‍ ആചാരങ്ങള്‍ നടത്താന്‍ അധികാരവും ചുമതലയും ലഭ്യമായ സമുദായങ്ങളേയും കുടുംബങ്ങളേയും സംബന്ധിച്ച ഏറ്റവും പഴക്കമേറിയതും ആധികാരികവുമായ രേഖയാണ് കൊല്ല വര്‍ഷം 843 ല്‍ പുറപ്പെടുവിച്ച ചെമ്പോല തിട്ടൂരമെന്നായിരുന്നു 24 ന്യൂസ് വാര്‍ത്ത നല്‍കിയത്. ഇപ്പോൾ ഇയാൾ അറസ്റ്റിലായതോടെയാണ് മാധ്യമങ്ങളുടെ തട്ടിപ്പ് വാര്‍ത്തകളും വ്യക്തമാകുന്നത്. തട്ടിപ്പുകാരന് ഒത്താശ ചെയ്ത് ആരോപണ വിധേയനായ 24 ന്യൂസിലെ കൊച്ചി ബ്യൂറോ ചീഫ് ഷഹിന്‍ ആന്റണിയാണ് ഈ വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ചെമ്പോല തിട്ടൂര പ്രകാരം ഈഴവര്‍ക്കാണ് ശബരിമലയില്‍ ആചാര അനുഷ്ഠാനങ്ങള്‍ നടത്താന്‍ ഉള്ള അവകാശമെന്നും ഈ രേഖകള്‍ മറികടന്ന് തന്ത്രികുടുംബം എങ്ങനെ ശബരിമലയില്‍ സുപ്രധാന അധികാര സ്ഥാനങ്ങളിലെത്തപ്പെട്ടു എന്നത് വിചിത്രമായി അവശേഷിക്കുന്നുവെന്നും ഈ രേഖ മൂലം ചാനൽ സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. അന്നു തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമാണ് ഇപ്പോള്‍ ഈ രേഖയെന്നതും ആ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്.
24 ന്യൂസിന്റെ കൊച്ചി റിപ്പോര്‍ട്ടറാണ് മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നാണ് പരാതിക്കാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വെളിപ്പെടുത്തിയിരുന്നു.നേരത്തെ, 24 ന്യൂസ് ചാനല്‍ കോഴിക്കോട് റീജനല്‍ മേധാവി ദീപക് ധര്‍മ്മടം മുട്ടില്‍ മരംമുറിക്കേസില്‍ ആരോപണ വിധേയനായിരുന്നു.
തുടര്‍ന്ന് ചാനല്‍ മുഖം രക്ഷിക്കാന്‍ ഇയാളെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. സ്വര്‍ണ കള്ളക്കടത്തു കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് ഒളിവില്‍ പോയപ്പോള്‍ ആത്മഹത്യ ഭീഷണിയുള്ള ഓഡിയോ സന്ദേശം പുറത്തു വിട്ടത് സഹിന്‍ ആന്റണിയായിരുന്നു. ഇങ്ങനെ ചാനലിനെതിരെ നിരവധി ആരോപണങ്ങളാണ് ദിനംപ്രതി ഉയരുന്നത്.
Post Your Comments