മണിമല: നിർത്തിയിട്ടിരുന്ന ടിപ്പറിൽ കാറിടിച്ച് രണ്ടു യാത്രക്കാർക്കു ദാരുണാന്ത്യം. മൂന്നുപേർക്കു പരിക്കേറ്റു. വാഴൂർ ചാമംപതാൽ സ്വദേശികളായ തടത്തിലാങ്കൽ രേഷ്മ ജോർജ് (31), കിഴക്കേമുറിയിൽ ഷാരോണ്‍ സജി (18) എന്നിവരാണു മരിച്ചത്. സംഭവസ്ഥലത്തുതന്നെ ഇരുവർക്കും ജീവൻ നഷ്ടപ്പെട്ടു. നിർമാണം പുരോഗമിക്കുന്ന പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമല ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ ഇന്നലെ രാവിലെ ആറിനാണ് അപകടം.
മുണ്ടയ്ക്കൽ അമല മേരി ജോമി (25), തോംപുന്നയിൽ ജോബിൻ ജയിംസ് (39), മുട്ടത്തുപാറയിൽ മെൽവിൻ തോമസ് (30) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാരോണ്‍ സിഎ വിദ്യാർഥിയും രേഷ്മ അമേരിക്കൻ കന്പനിയിൽ കൗണ്‍സലിംഗ് ആൻഡ് കണ്‍സൾട്ടന്റുമായിരുന്നു. കരിക്കാട്ടൂരിൽ ബന്ധുവീട്ടിൽ പോയി മടങ്ങുംവഴി കാർ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ പാർക്ക് ചെയ്തിരുന്ന ടിപ്പറിൽ ഇടിച്ചാണ് അപകടം.
ഷാരോണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ വീട്ടിലെത്തിച്ചു. സംസ്കാരം ഇന്നു രാവിലെ 11നു ചാമംപതാൽ ഫാത്തിമ മാതാ പള്ളിയിൽ നടക്കും. പിതാവ്: സജി. മാതാവ്: സുനി. സഹോദരി അൽഫോൻസ. രേഷ്മയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി 26-ാം മൈൽ മേരി ക്വീൻസ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം പിന്നീട്. രേഷ്മയുടെ പിതാവ് ടോമി (ജോർജ്),അമ്മ: ഗീത. സഹോദരങ്ങൾ: രാഹുൽ (യുകെ), പരേതനായ റോഷൻ.
Post Your Comments