
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ പദ്ധതിയെ യുഡിഎഫ് എതിര്‍ത്തത് അനാവശ്യമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. യുഡിഎഫ് ഭരണകാലത്തെ എക്സ്പ്രസ് ഹൈവേ പദ്ധതിയെ എല്‍ഡിഎഫ് അന്ധമായി എതിര്‍ത്തത് പോലെയല്ല, മറിച്ച് അതിവേഗ റെയില്‍വേ പദ്ധതിക്ക് പരിഷ്‌കരിച്ച ബദല്‍ രൂപം വേണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ പദ്ധതി അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് യുഡിഎഫ് വ്യക്തമാക്കിയിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എംകെ മുനീറിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഉപസമിതി പദ്ധതിയെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനുശേഷമാണ് യുഡിഎഫ് ചില ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍ 2,000 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും. കൂടാതെ അമ്പതിനായിരത്തോളം കച്ചവട സ്ഥാപനങ്ങള്‍ പൊളിക്കുകയും 145 ഹെക്ടര്‍ നെല്‍വയല്‍ നികത്തുകയും ആയിരത്തില്‍പ്പരം മേല്‍പ്പാലം നിര്‍മ്മിക്കേണ്ടിയും വരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതി ഉപേക്ഷിച്ച് ഒരു ബദല്‍ പദ്ധതിക്ക് രൂപം നല്‍കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതിക്ക് പകരം വിദഗ്ധരുടെ അഭിപ്രായം തേടാനും യുഡിഎഫുമായി ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും എംഎം ഹസന്‍ ആവശ്യപ്പെട്ടു.
Post Your Comments