കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച ട്വന്റി-20 യുമായി ആവശ്യമെങ്കില്‍ യു.ഡി.എഫ് സഖ്യമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ട്വന്റി-20 ഒരു വര്‍ഗീയ സംഘടനയോ തീവ്രവാദി സംഘടനയോ അല്ലെന്നും കോണ്‍ഗ്രസിനും യു.ഡി.എഫിനും ട്വന്റി-20 യോട് തൊട്ടുകൂടായ്മയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയും എസ്.ഡി.പി.ഐയുമായി സി.പി.എം കൂട്ടുചേര്‍ന്നതു പോലെയല്ല ട്വന്റി-20 യുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചെല്ലാനത്ത് ട്വന്റി-20 യുമായി സഖ്യം ചേര്‍ന്ന് ചെല്ലാനം പഞ്ചായത്തിലെ ഇടതുഭരണം അട്ടിമറിയ്ക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. എറണാകുളം എംപി ഹൈബി ഈഡന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളാണ് ഫലം കണ്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ചെല്ലാനം പഞ്ചായത്തില്‍ സിപിഎം ഭരണ സമിതിക്കെതിരെ ട്വന്റി-20യുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. അടുത്തയാഴ്ച അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കും. പ്രസിഡന്റ് സ്ഥാനം ചെല്ലാനം ട്വന്റി-20യ്ക്കും വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനുമെന്ന ധാരണയിലാണ് തീരുമാനം. 21 സീറ്റുകളുള്ള ചെല്ലാനം പഞ്ചായത്തില്‍ എല്‍ഡിഎഫിന് 9 ഉം യുഡിഎഫിന് 4 ഉം ചെല്ലാനം ട്വന്റി-20ക്ക് 8 ഉം സീറ്റുകളാണ് ഉള്ളത്.
Post Your Comments