KottayamLatest NewsKerala

ബിജെപി പിന്തുണയോടെ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം, കോട്ടയത്ത് യുഡിഎഫ് പുറത്ത്

എൽഡിഎഫിലെ 21 അംഗങ്ങളും ബിജെപിയിലെ എട്ട് അംഗങ്ങളും അടക്കം 29 പേരുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്.

കോട്ടയം: നഗരസഭയിൽ 20 കൊല്ലം നീണ്ട യുഡിഎഫ് ഭരണത്തിന് അവിശ്വാസ പ്രമേയത്തിലൂടെ അവസാനമായി. ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. എൽഡിഎഫിലെ 21 അംഗങ്ങളും ബിജെപിയിലെ എട്ട് അംഗങ്ങളും അടക്കം 29 പേരുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ഒരു എൽഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെ യുഡിഎഫ് വിമതയായി മത്സരിച്ച് പിന്നീട് യുഡിഎഫ് പിന്തുണയിൽ അധികാരത്തിലെത്തിയ ബിൻസി സെബാസ്റ്റ്യൻ നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് പുറത്തായി.

കോട്ടയം ജില്ലയിൽ മൃഗീയ ഭൂരിപക്ഷത്തോടെ കാലങ്ങളായി ഭരണം നിലനിർത്തിയ ഒരു നഗരസഭയാണ് യുഡിഎഫിന് നഷ്ടമായത്. അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നു. ഒമ്പതുമാസം നീണ്ട യുഡിഎഫ് ഭരണം പൂർണമായും പരാജയമായിരുന്നുവെന്ന് ഇടതുപക്ഷവും ബിജെപിയും അവിശ്വാസ പ്രമേയ ചർച്ചയിൽ ആരോപിച്ചു.നഗരകാര്യ ജോയിന്റ് ഡയറക്ടർ ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് ഷീജാ അനിലാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ലൈഫ് പദ്ധതിയിൽ ഒരു വീട് പോലും വെച്ചു നൽകാത്ത നഗരസഭയാണ് കോട്ടയം നഗരസഭ എന്ന് അവര്‍ ആരോപിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നഗരസഭാ പൂർണ പരാജയമാണ്. വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ ഒമ്പത് മാസമായി പൂർണ്ണമായും സ്തംഭിച്ചു എന്നും ഷീജാ അനിൽ ആരോപിച്ചു. രണ്ടായിരത്തോളം ആളുകൾ ഭൂരഹിതരായ ഉള്ള നഗരസഭയാണ് കോട്ടയം. എന്നിട്ടും അതിനുവേണ്ടി നഗരസഭ ഒന്നും ചെയ്തില്ല. സർക്കാർ കൊണ്ടുവരുന്ന ഉത്തരവുകൾ നടപ്പാക്കാൻ പോലും നഗരസഭാ തയ്യാറായിട്ടില്ല എന്നും അവർ ആരോപിച്ചു.ബിജെപിയും സമാനമായ ആരോപണങ്ങളാണ് അവിശ്വാസ പ്രമേയ ചർച്ചയിൽ ഉന്നയിച്ചത്. ബിജെപിക്ക് വേണ്ടി പാർലമെന്റ് പാർട്ടി നേതാവായ അനിൽകുമാറാണ് ചർച്ചകൾക്ക് തുടക്കമിട്ടത്.

കോട്ടയം നഗരസഭയിൽ പൂർണമായും ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നത് എന്നും ബിജെപി ആരോപിച്ചു. വികസന പ്രവർത്തനങ്ങൾക്ക് ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഒരു പിന്തുണയും നൽകുന്നില്ല എന്നും ബിജെപി ആരോപിച്ചു. മാലിന്യ സംസ്കരണ പദ്ധതി കൾക്കും കോട്ടയം നഗരസഭയിൽ ഒരു സ്ഥാനവും ഇല്ല എന്ന് ബിജെപി ആരോപിക്കുന്നു.സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് കോട്ടയം നഗരസഭയിൽ പുറത്തു വന്നത് എന്ന് കോൺഗ്രസ് ആരോപിച്ചു. ഈരാറ്റുപേട്ടയിൽ എസ്ഡിപിഐയുമായി ചേർന്നാണ് യുഡിഎഫ് ഭരണം അവസാനിപ്പിച്ചത്. അതും അവിശുദ്ധ കൂട്ടുകെട്ട് ആയിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

ഏതായാലും ജില്ലയിൽ ആശ്വാസമായിരുന്ന നഗരസഭാ ഭരണങ്ങളിൽ നിന്ന് യുഡിഎഫ് പുറത്താക്കുന്ന കാഴ്ചയാണ് ഓരോ ദിവസവും ഉയർന്നു വരുന്നത്.ആകെ 71 പഞ്ചായത്തുകളിൽ 50 ഇടത്ത് ഇടതുമുന്നണിയാണ് ഭരിക്കുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി ആറ് നഗരസഭകളിൽ അഞ്ചും ഭരിക്കാൻ യുഡിഎഫിന് കഴിഞ്ഞിരുന്നു. എന്നാൽ ഈരാറ്റുപേട്ടയും കോട്ടയവും നഷ്ടപ്പെട്ടതോടെ യുഡിഎഫ് 3 ഇടത്തേക്ക് ചുരുങ്ങുകയാണ്.

ഇതിൽ ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും യുഡിഎഫിന് കൃത്യമായ ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളാണ്. അവിടെയും വൈകാതെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ ആണ് ഇട്ടത് നീക്കം. കോട്ടയം നഗരസഭയിൽ യുഡിഎഫ് പാളയത്തിൽ വിള്ളലുണ്ടാക്കി ഭരണം പിടിക്കാൻ ആണ് സിപിഎം ശ്രമിച്ചത്. ഈരാറ്റുപേട്ടയിലും സമാന നീക്കത്തിനാണ് സിപിഎം ശ്രമം നടത്തുന്നത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button